ക്രിസ്ത്യൻ പള്ളികളും ഉടൻ തുറക്കില്ല

എറണാകുളം അങ്കമാലി അതിരൂപതക്ക് പുറമെ, ആലപ്പുഴ ചങ്ങനാശേരി രൂപതകളിലും പള്ളികൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരം ലത്തീൻ രൂപതയ്ക്ക് കീഴിലെ തീർത്ഥാടന കേന്ദ്രങ്ങൾ അടക്കം പ്രധാന പള്ളികളും തുറക്കില്ല. യാക്കോബായ സഭയുടെ കൊല്ലം നിരണം ഭദ്രാസനങ്ങളും നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു.

കോവിഡ് വ്യാപനം തുടരുന്നത് കണക്കിലെടുത്താണ് എറണാകുളം അങ്കമാലി അതിരൂപതയിൽ പള്ളികൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിവിധ തലങ്ങളിൽ വൈദികരുമായി രാവിലെ വീഡിയോ കോണ്ഫറന്സിങ് മുഖേന കൂടിയാലോചന നടത്തിയാണ് ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ നിലപാട് അറിയിച്ചത്. ചങ്ങനാശേരി അതിരൂപതയിലും ആലപ്പുഴ ലത്തീൻ രൂപതയിലും തൽസ്ഥിതി തുടരാൻ വൈകിട്ടോടെ തീരുമാനമായി. തീർത്ഥാടന കേന്ദ്രമായതിനാൽ തിരക്കേറാനുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരം വെട്ടുകാട് പള്ളി തുറക്കേണ്ടതില്ലന്നു ധാരണയായിരുന്നു.

പാളയം പള്ളി അടക്കം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ മറ്റു പ്രധാന പള്ളികളും തുറക്കാൻ ഇടയില്ല. തുറക്കുന്ന പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആർച്ചുബിഷപ്പ് ഡോക്ടർ സൂസൈപാക്യം നിർദേശിച്ചു. വരാപ്പുഴ, കോഴിക്കോട് രൂപതകൾ രോഗവ്യാപനത്തിന്റെ പ്രാദേശിക സാഹചര്യം പരിഗണിച്ചു തീരുമാനിക്കാൻ ഇടവകകൾക്ക് അനുമതി നൽകി. പള്ളി തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തീരുമാനിക്കാൻ ഓർത്തോഡോക്സ് സഭാ സൂനഹദോസ് ചൊവ്വാഴ്ച ചേരും. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്ന പള്ളികൾ മാത്രമേ തുറക്കാൻ പാടുള്ളൂവെന്ന് യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർദേശിച്ചു.

ഇതിന് പിന്നാലെയാണ് സഭയുടെ കൊല്ലം നിരണം ഭദ്രാസനങ്ങൾക്ക് കീഴിലെ പള്ളികൾ ഉടൻ തുറക്കേണ്ട എന്ന് തീരുമാനിച്ചത്. അതേസമയം വിശ്വാസികൾക്ക് വ്യക്തിപരമായ പ്രാര്ഥനകൾക്ക് പള്ളികളിൽ വിലക്കില്ല. ഒപ്പം വിവാഹം, മാമ്മോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവ സർക്കാർ നിർദേശപ്രകാരം ആളുകളുടെ എണ്ണം ക്രമീകരിച്ച് നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular