ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്ക് 10,025 കോടി നൽകിയെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നൽകിയത് 10,025 കോടി രൂപ.

ലോക്‌ഡൗണിനു പിന്നാലെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജനങ്ങൾക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിച്ചതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങൾക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ്സിഐ കാര്യക്ഷമമായി പ്രവർത്തിച്ചു.

നാലാംദിനത്തിൽ ബഹിരാകാശം, കൽക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ഊർജിത സ്വകാര്യവൽക്കരണത്തിനായിരുന്നു കേന്ദ്ര തീരുമാനം. ഏതാനും വർഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവൽക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനവും മുതൽമുടക്കും ചേർത്താൽ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികൾ. കാർഷികോൽപന്ന വിപണിയിൽ ഉദാരവൽക്കരണത്തിന് അവശ്യസാധന നിയമം ഉൾപ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവത്തെ കേന്ദ്ര തീരുമാനം.

കാർഷിക മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉൾപ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികൾ. ചെറുകിട കർഷകർക്കും വഴിയോരക്കച്ചവടക്കാർക്കും അതിഥിത്തൊഴിലാളികൾക്ക് ഉൾപ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തിൽ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular