ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ കോഴിക്കോട് എത്തി

കോഴിക്കോട്: ന്യൂ‍ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച ആദ്യ കോവിഡ് കാല രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ രാത്രി 10 മണിക്കു എത്തിയ ട്രെയിൻ പത്ത് മിനിറ്റിനു ശേഷം വീണ്ടും യാത്ര തുടർന്നു. 216 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്‌ഷനിലും 5.25നു തിരുവനന്തപുരത്തും എത്തിച്ചേരും. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കും. ജില്ലാ അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാരെ ഇതിനായി സജ്ജമാക്കി. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ. ഹോം ക്വാറന്റീൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലേക്കു മാറ്റും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കു വിധേയരാക്കി ആവശ്യമെങ്കിൽ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകും. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കും.

സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഡ്രൈവർ ഹോം ക്വാറന്റീൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് നടത്തും. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും.

കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പോകേണ്ടിവരുമെന്നു സർക്കാർ വ്യക്തമാക്കി. സ്റ്റേഷനുകളിൽ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും വെവ്വേറെ വഴികൾ‍ ഒരുക്കും. തിരുവനന്തപുരത്തു പ്ലാറ്റ്ഫോം നമ്പർ 2, 3 എന്നിവയായിരിക്കും സ്പെഷൽ ട്രെയിനുകൾക്കായി മാറ്റി വയ്ക്കുക. ഒന്നാം പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരുടെ പരിശോധനയ്ക്കും മറ്റുമായി 5 താൽക്കാലിക കൗണ്ടറുകൾ ക്രമീകരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular