ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കും

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി.

2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പാക്കും. സാങ്കേതിക വിദ്യ ഇതിനായി ഒരുക്കും. രാജ്യത്തെവിടെയും റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്‌നത്തിന് ഇത് വഴി പരിഹാരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യും. എട്ട് കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 3500 കോടി രൂപയായിരിക്കും ഇതിനായി ചെലാവാക്കുക. നടത്തിപ്പ് ചുമതല സംസ്ഥാനങ്ങള്‍ക്കായിരിക്കും.

കുടിയേറ്റ തൊഴിലാളികള്‍ക്കായി നഗരങ്ങളില്‍ വേണ്ടത്ര വാടക വീടുകള്‍ സജ്ജമാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനായി കെട്ടിടങ്ങള്‍ നിര്‍മിക്കും. മുദ്രാ ലോണ്‍ വഴി വായ്പ എടുത്തവരെയും തിരിച്ചടയ്ക്കാന്‍ ആകാത്തവരെയും സഹായിക്കും. വായ്പയില്‍ രണ്ട് ശതമാനം പലിശ കിഴിവ് പ്രഖ്യാപിച്ചു. മുദ്രാ വായ്പയില്‍ 1.62 ലക്ഷം കോടി രൂപയുടെ ലോണ്‍ ലഭ്യമാക്കും.

വഴിയോര കച്ചവടക്കാര്‍ക്കായി 5000 കോടി രൂപയുടെ വായ്പാ പദ്ധതി നടപ്പിലാക്കും. വഴിയോര കച്ചവടക്കാരന് പരമാവധി 10000 രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കും. 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ഈടില്ലാതെ വായ്പയെടുക്കാം. തിരിച്ചടയ്ക്കുന്ന മുറയ്ക്ക് കൂടുതല്‍ വായ്പ ലഭ്യമാകും.

Similar Articles

Comments

Advertismentspot_img

Most Popular