കോവിഡ്‌ ; 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി: കോവിഡിന്റെ സാമ്പത്തിക ദുരിതങ്ങൾ മറികടന്നു മുന്നേറി രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം ഉറപ്പാക്കാൻ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പാക്കേജിലെ തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമായി ഇതു മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ധീരമായ പരിഷ്കരണ നടപടികൾ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ പാക്കേജ് വൻചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. രാജ്യത്തോട് ചൊവ്വാഴ്ച രാത്രി എട്ടിനു നടത്തിയ പ്രത്യേക വിഡിയോ അഭിസംബോധനയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദാംശങ്ങൾ ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക ഉത്പാദനം ഉറപ്പാക്കിയാൽ മാത്രമേ രാജ്യത്തിന് മുന്നേറാനാകൂ എന്ന സന്ദേശം ഊന്നിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രാദേശികതയുടെ സാധ്യതയെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും വാചാലമാകേണ്ട സാഹചര്യമാണിത്. പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുന്നതിനൊപ്പം അവ അഭിമാനത്തോടെ പ്രചരിപ്പിക്കാനുമാകണം. ഭൂമി, തൊഴിൽ, നിയമം തുടങ്ങിയവയ്ക്കെല്ലാം ഊന്നൽ നൽകുന്ന പ്രത്യേക സാമ്പത്തിക പാക്കേജാകും വരുന്നത്. മൂന്നാം ലോക്‌ഡൗണിനു പിന്നാലെ നാലാം ലോക്ഡൗൺ ഉണ്ടാകുമെന്ന സൂചനയും നൽകിയ പ്രധാനമന്ത്രി, ഇതിന് പുതിയ നടപടിക്രമങ്ങളാകും ഉണ്ടാകുകയെന്നും മേയ് 18ന് മുൻപ് അവ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ ഇന്ത്യ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. ജീവനുവേണ്ടി പൊരുതുന്ന ലോകത്തിനു പുതിയ പ്രതീക്ഷ പകരുന്നത് ഇന്ത്യയുടെ മരുന്നുകളാണ്. മഹാമാരിക്കിടെ ലോകത്തിന് മരുന്നു നൽകുന്ന നടപടിയെടുത്ത ഇന്ത്യയെ ലോകമാകെ അഭിനന്ദിക്കുകയാണ്. അതില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കണം. ലോകത്തെ ജനജീവിതം ഒരു വൈറസ് താറുമാറാക്കുന്ന സ്ഥിതിയാണുണ്ടായത്. കോടിക്കണക്കിന് ജീവിതങ്ങൾ ലോകത്ത് വെല്ലുവിളി നേരിടുകയാണ്. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. കോവിഡ് രോഗബാധയിൽ ഉറ്റവർ നഷ്ടമായ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ ചെറുക്കാൻ സ്വയംപര്യാപ്തമാകണം. സ്വയംപര്യാപ്തത ഉറപ്പാക്കാനായാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. സ്വയം പര്യാപ്തതയെന്ന ആശയം ഇന്ത്യ പറയുമ്പോൾ അത് നമ്മൾക്കു രാജ്യകേന്ദ്രീകൃതമല്ല. ലോകത്തിന്റെ സന്തോഷവും സഹകരണവും സമാധാനവും അതിൽ ഉൾപ്പെടും. മാനവികക്ഷേമത്തിനായി എന്തെങ്കിലും ചെയ്യാനാവുന്നത് ഇന്ത്യയ്ക്കാകും എന്ന വിശ്വാസത്തിലാണ് ലോകം. ഈ വിശ്വാസം കാത്തുസൂക്ഷിച്ച് നമുക്കു സ്വയംപര്യാപ്തമാകാം. സമ്പദ്‌രംഗം, അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ, ഊർജസ്വലമായ ജനത, ആവശ്യകത എന്നീ അഞ്ചു തൂണുകളിലാണ് സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയുടെ സാധ്യതകള്‍ നിലകൊള്ളുന്നത്.

Follow us.. pathram online

Keywords- Covid 19: PM Narendra Modi announces 20 Lakh Crore Economic Package

Similar Articles

Comments

Advertismentspot_img

Most Popular