ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് നേര്‍ വിപരീതമായിരുന്നു അയാള്‍, എന്നെ ഉപദ്രവിക്കുമായിരുന്നു,എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല, ഭര്‍ത്താവിനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ

സിനിമയിലെ അമ്മമാരെ കുറിച്ച് പറയുമ്പോള്‍ ഏറ്റും ആദ്യം മലയാളികളുടെ മനസില്‍ ഓടി എത്തുന്ന ഒരു മുഖമാണ് നടി കവിയൂര്‍ പൊന്നമ്മ. മിക്ക സിനിമകളിലും ചിരിച്ച് എപ്പോഴും സ്‌നേഹമായി പെരുമാറുന്ന അമ്മയാണ് കവിയൂര്‍ പൊന്നമ്മ. പ്രമുഖരായ പല താരങ്ങളുടേയും അമ്മയായി എത്താന്‍ സാധിച്ച നടി കൂടിയാണ് കവിയൂര്‍ പൊന്നമ്മ. സിനിമയിലെ ചിരിയും സന്തോഷവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് കവിയൂര്‍ പൊന്നമ്മ. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ കവിയൂര്‍ പൊന്നമ്മ ഭര്‍ത്താവിനെ കുറിച്ചും തനിക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്‌ക്രീനില്‍ ഒരു ഫോട്ടോ കാണിച്ച് അദ്ദേഹത്തെ അറിയുമോ എന്ന് അവതാരകന്‍ ജോണ്‍ ബ്രിട്ടോസ് ചോദിച്ചപ്പോള്‍, ‘ഇതെവിടെ നിന്ന് കിട്ടി’ എന്ന് അത്ഭുതത്തോടെ ചോദിച്ച് കവിയൂര്‍ പൊന്നമ്മ തന്റെ ഭര്‍ത്താവിനെ കുറിച്ചും മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും തുറന്നു പറഞ്ഞു. ” ഇതെന്റെ ഭര്‍ത്താവ്, മണിസ്വാമിയാണ്. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല.

പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു. അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി.

എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു. എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം.

അത് നടക്കില്ലെന്ന് പറഞ്ഞു. ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു. അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിര്‍മാതാവ് ആയിരുന്നു. ഞാന്‍ അന്ന് വിചാരിച്ചു അദ്ദേഹം ബ്രഹ്മാണനാണ്, പഠിച്ചവനാണ്, എന്റെ കുടുംബം നോക്കുമെന്നും കരുതി. എല്ലാം തകിടം മറിഞ്ഞു. ഞാന്‍ വിചാരിച്ചതിന് എതിര്‍ സ്വഭാവമായിരുന്നു ഭര്‍ത്താവിന്റേത്.” കവിയൂര്‍ പൊന്നമ്മ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular