സിലബസ് പ്രകാരം ഭക്ഷണം ഉണ്ടാക്കി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

വൈക്കം : സിബിഎസ്ഇ പരിഷ്‌ക്കരിച്ച സിലബസ് പ്രകാരം നിലവില്‍വന്ന ഡ്രാഫ്റ്റ് ക്ലാസില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി കഴിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 13 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സിലബസ് പ്രകാരം എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നാല് ഗ്രൂപ്പുകളായിത്തിരിഞ്ഞ് ഷേയ്ക്ക്, പുഡിംഗ് എന്നിവയുണ്ടാക്കി. ഇതില്‍ രണ്ടു ഗ്രൂപ്പുകളുണ്ടാക്കിയ ഷേയ്ക്ക് കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കുട്ടികള്‍തന്നെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ് ഷേയ്ക്കും പുഡിംഗും ഉണ്ടാക്കിയത്. പാല്‍, ഐസ്‌ക്രീം, ഓറിയ പൗഡര്‍, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. രാവിലെ തയ്യാറാക്കിയ ഭക്ഷണം ഉച്ചയ്ക്ക് 12നാണ് വിദ്യാര്‍ത്ഥികള്‍ കഴിക്കുന്നത്. ഇതിനുശേഷം ഒന്‍പതു കുട്ടികള്‍ക്ക് ഛര്‍ദ്ദിലും വയറുവേദനയും ഉണ്ടായി. ഇവരെ ഉടന്‍തന്നെ വൈക്കം താലൂക്കാശുപത്രിയിലാക്കി. ഇതിനുശേഷം നാല് കുട്ടികള്‍ക്കും രണ്ട് അദ്ധ്യാപകര്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുവഭപ്പെട്ടു. ഇവരേയും പിന്നീട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളായ ഉദയനാപുരം നെല്ലിപ്പള്ളില്‍ വിഘ്‌നേഷ്, വടയാര്‍ നടുവിലേഴത്ത് ഗീതാഞ്ജലി, ചെമ്പ് ലക്ഷ്മി നിവാസില്‍ നിതിന്‍, ചാലപ്പറമ്പ് കുരിയപ്പുറത്ത് അഖില, എറണാകുളത്തുതുറ അതുല്‍രാജ്, തേജസില്‍ ലക്ഷ്മി, ശ്യാമാലയത്തില്‍ അനന്തകൃഷ്ണന്‍, തൈയില്‍ മിലു ബി. ജോയല്‍, ചെമ്മനത്തുകര മനോജ്മന്ദിരത്തില്‍ രോഹിത്, വെച്ചൂര്‍ അശ്വതിഭവനത്തില്‍ ആതിര, കാരയില്‍ സെയ്ദ് നാസര്‍, വല്ലകം വാഴയില്‍ അലോഷ്, അധ്യാപികമാരായ നിഷ, ജയശ്രീ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം പാകംചെയ്യാന്‍ കുട്ടികളെ ഏല്‍പ്പിച്ചതിനെ രക്ഷിതാക്കളില്‍ പലരും ചോദ്യംചെയ്തത് ആശുപത്രിയില്‍ കുറച്ച്‌നേരം സംഘര്‍ഷത്തിനിടയാക്കി. സ്‌കൂള്‍ വളപ്പിലെ കിണറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പലരും ആശുപത്രിയിലെത്തിയ ജനപ്രതിനിധികളോട് പരാതിപ്പെട്ടു. സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം ടി.എന്‍. രമേശന്‍, കെ. അജിത്ത് എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍, പി.എന്‍ ബാബു, പി.ഡി. ജോര്‍ജ് എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. രക്ഷിതാക്കള്‍ പലരും രോഷം പ്രകടിപ്പിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇവരെ ശാന്തരാക്കി. സ്‌കൂളിലെ കിണറും ഓടയും വൃത്തിയാക്കണമെന്ന് നഗരസഭ ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌ക്കൂള്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞദിവസമാണ്.

SHARE