ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്‍, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചത്. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

21 രാഷ്ട്രീയ റൈഫിള്‍സ് (ആര്‍.ആര്‍) യൂണിറ്റിലെ മേജര്‍ കമാന്‍ഡിംഗ് ഓഫീസര്‍ അശുതോഷ് ശര്‍മയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിജയകരമായ നിരവധി സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് അദ്ദേഹം. മേജര്‍ അനുജ്, പോലീസ് ഇന്‍സ്‌പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരും വീരമൃത്യുവരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് ജവാന്മാരുടെ പേര് ലഭ്യമായിട്ടില്ല.

ഭീകരവാദികള്‍ ഹന്ദ്വാരയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക ഓപ്പറേഷന്‍ നടത്തിയത്. സ്റ്റാന്‍ഡിങ് ഓപ്പറേറ്റിങ് നടപടിക്രമത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയും നടത്തി.

ഓപ്പറേഷന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഭീകരവാദികള്‍ ആളുകളെ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഒരു സംഘം സിവിലിയന്‍ ഡ്രസ്സിലാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Similar Articles

Comments

Advertismentspot_img

Most Popular