കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയില്‍..? യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

സോള്‍: ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര നിലയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയാറായില്ല.

ഏപ്രില്‍ 11നു ശേഷം കിം പൊതുവേദികളില്‍ എത്തിയിട്ടില്ല. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടന്ന ആഘോഷങ്ങളിലും കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ദക്ഷിണ കൊറിയയും തയാറായില്ല. സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കൊറിയകളുടെ ആഭ്യന്തര കാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. അതേസമയം, ഹൃദയശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന കിമ്മിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന തരത്തില്‍ ഡെയ്‌ലി എന്‍കെ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് കിം രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular