അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു… രോഗം സ്ഥിരീകരിക്കാത്തവരും മരണമടയുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ച് മരിച്ചവരേക്കാള്‍ രോഗ പരിശോധന നടത്താതെ മരിക്കുന്നവരാണ് അധികവും. നിലവിലുള്ള സാഹചര്യത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചിലധികം മലയാളികളുടെ മരണം ന്യൂയോര്‍ക്കിലും സമീപ സ്ഥലങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൊറോണ സ്ഥിരീകരിച്ചു മരിച്ച ഭര്‍ത്താവും രോഗം സ്ഥിരീകരിക്കാതെ മരിച്ച ഭാര്യയും ഉള്‍പ്പെടും. പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഇപ്പോള്‍ വരുന്ന കണക്കുകളെക്കാള്‍ ഒരുപാട് ഉയര്‍ന്നതായിരിക്കും രോഗബാധിതരുടെയും രോഗം ബാധിച്ചു മരിക്കുന്നവരുടെയും എണ്ണം.

അമേരിക്കയില്‍ എത്തിയിട്ടുള്ള ഭൂരിഭാഗം മലയാളി കുടുംബങ്ങളിലെ ഒരാളെങ്കിലും നഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ രോഗം വീട്ടിലെത്തുന്നതിനുള്ള സാധ്യത വളരെയധികമാണ്. ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം രോഗം പകര്‍ന്നു കിട്ടുന്നതിന് ഇടയാക്കുന്നു എന്നതാണ് വസ്തുത. പലയിടത്തും വേണ്ടത്ര ജീവനക്കാരില്ല. പലരും രോഗം ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തിലാണ്.

രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താന്‍ പറയുന്ന സാഹചര്യവും ആശുപത്രികളിലുണ്ടെന്നു നഴ്‌സുമാര്‍ പറയുന്നു. പനിബാധിച്ച നഴ്‌സുമാര്‍ക്കു പോലും ടെസ്റ്റുകള്‍ നടത്താന്‍ സംവിധാനമില്ലാത്തതും ഇവിടുത്തെ സാഹചര്യം എത്രത്തോളം ഭീതിയുള്ളതാണെന്നു വ്യക്തമാക്കുന്നതാണ്. ഡോക്ടര്‍മാരെ കാണുന്നതിനും മരുന്നു ലഭിക്കുന്നതിനുമുള്ള പ്രയാസമാണ് ആളുകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. പല ആശുപത്രികളും മറ്റു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് സമ്പൂര്‍ണ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ മാത്രമാണ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതും. കടുത്ത ശ്വാസതടസമോ ജീവനു ഭീതിയുള്ള സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രം ആശുപത്രികളിലെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

അതുകൊണ്ടു തന്നെ രോഗികളില്‍ പലരും വീടുകളില്‍ തന്നെ കഴിയുകയാണ്. കഴിഞ്ഞദിവസം ശ്വാസതടസം നേരിട്ട് അബോധാവസ്ഥയിലായ കൊറോണ രോഗിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെബുലൈസേഷനും മറ്റ് അവശ്യമരുന്നും നല്‍കി മണിക്കൂറുകള്‍ക്കു ശേഷം വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. സമാന സാഹചര്യമാണ് മിക്ക രോഗികള്‍ക്കും ഇവിടെയുള്ളത്. നെബുലൈസേഷനുള്ള ഉപകരണങ്ങള്‍ കടകളില്‍ ലഭിക്കാനില്ലാത്തതും വീടുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്.

നിര്‍ബന്ധിത ലോക്ഡൗണ്‍ ഇല്ലാത്തതിനാല്‍ സ്വയം നിയന്ത്രിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഒഴികെയുള്ളവര്‍ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത് പതിവ് കാഴ്ചയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മെഡിക്കല്‍ ഷോപ്പുകളിലും നിയന്ത്രണമുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ കാര്യമായ നിയന്ത്രണങ്ങളില്ല. ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ ജോലിക്ക് ചെന്നില്ലെങ്കില്‍ സാലറി വെട്ടികുറയ്ക്കുകയോ ലീവായി കണക്കാകുകയോ ആണ് ചെയ്യുന്നത്. സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് മലയാളികള്‍ ഉള്‍പ്പടെ പലരും കമ്പനികളില്‍ ജോലിക്ക് എത്തുന്നുണ്ട്. ഇതിനിടെ കൂടെ ജോലി ചെയ്തിരുന്ന പലരും മരിച്ച വിവരം പോലും അറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്.

ഗുരുതരമായ രോഗമുണ്ടായിരുന്നവരോ വയോധികരോ ആണ് ഇതുവരെ മരിച്ചവരില്‍ ഏറെയും. എന്നാല്‍ ഇതില്‍ തന്നെ പലരുടെയും രോഗം സ്ഥിരീകരിച്ചിട്ടില്ല. ശ്വാസതടസ്സമോ പനിയോ മൂലം മരിച്ചെന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ കാര്യത്തില്‍ പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നുണ്ടെങ്കിലും അല്ലാതെ മരിച്ചവരുടെ കാര്യത്തില്‍ ഇതില്‍ ഒരു കൃത്യതയില്ല എന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലുണ്ട്.

പത്തുപേരില്‍ താഴെ ആളുകള്‍ക്ക് മാത്രം ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാം എന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന നിബന്ധന. പൊതുദര്‍ശനത്തിനു ഒരു മണിക്കൂര്‍ അനുവദിക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ ദൗര്‍ലഭ്യവും പ്രതിസന്ധിയാകുന്നുണ്ട്. ഉയര്‍ന്ന നിരക്കില്‍ ശവക്കല്ലറകളോ ശമ്ശാനങ്ങളോ വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രോഗം ബാധിച്ച് മരിച്ചവരെ പത്തടി താഴ്ചയില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഒരു കല്ലറയ്ക്ക് 5000 ഡോളര്‍ വരെ നല്‍കേണ്ടി വരുന്നായും റിപ്പോര്‍ട്ട് ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular