കൊറോണ പരിശോധന; സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : കൊറോണ പരിശോധന രാജ്യത്തെ സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനകള്‍ ഇതിനകം സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് 4,500 രൂപ വരെ പരിശോധനയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.

സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.രവീന്ദ്ര ഭട്ട് എന്നിവര്‍ പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഇരുവരും വാദം കേട്ടത്. ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അതിന്റെ തോതു കുറയ്ക്കുന്നതിനു സുപ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്നു കോടതി നിരീക്ഷിച്ചു. 4500 രൂപ വരെ കൊറോണ പരിശോധനയ്!ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയില്‍ വരില്ല.

പണം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍ നിന്ന് ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു. എന്‍എബിഎല്‍, ലോകാരോഗ്യ സംഘടന അല്ലെങ്കില്‍ ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകളില്‍ മാത്രമേ കൊറോണ പരിശോധന നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ രാജ്യത്ത് 48 സ്വകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്. ഇന്ത്യയില്‍ ഇതുവരെ 5,749 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,065 പേരാണ് ചികിത്സയിലുള്ളത്. 506 പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ 178 പേര്‍ മരണത്തിനു കീഴടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular