പ്രണയത്തിനെന്ത് കൊറോണ; ലോക് ഡൗണിനിടെ കാമുകന്മാരെ തേടി പെണ്‍കുട്ടികളുടെ യാത്ര; കാട് കടന്ന് തമിഴ്‌നാട്ടിലെത്തി; പൊലീസിനെ വെട്ടിച്ച് കാമുകന്റെ വീട്ടിലെത്തി..!!!

ലോക് ഡൗണായതിനാല്‍ പരസ്പരം കാണാനാവാതെ വിഷമിച്ചിരിക്കുകയാണ് കാമുകീ കാമുകന്‍മാര്‍. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടെങ്കിലും പ്രണയത്തിന് മുന്നില്‍ ഇവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. നിരീക്ഷണത്തില്‍ കഴിയുന്ന കാമുകനെ കാണാന്‍ കാമുകി എത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത് അതുക്കും മേലെ പ്രണയകഥകള്‍ പുറത്തുവരുന്നു.

അമ്മയോട് പിണങ്ങി 17കാരി കാമുകന്റെ വീട്ടിലേക്ക് കടന്നു. തമിഴ്‌നാട്ടിലാണ് കാമുകന്റെ വീട്. ഒടുവില്‍ വിദ്യാര്‍ഥിനിയെ തിരികെ എത്തിച്ചത് പൊലീസ്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് പെണ്‍കുട്ടിയെ മടക്കിയെത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്. കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരം മേഖലയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്‌നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി.

കേരള പൊലീസ് എത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ കൈമാറാനാവൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാല്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയ ശേഷം നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ പ്രകാശ്, ഉദ്യോഗസ്ഥരായ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി.

സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു. വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ലോക്ഡൗണിനെ തുടര്‍ന്നാണ് വീട്ടില്‍ തിരിച്ച് എത്തിയത്. വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

അതിനിടെ നിലമ്പൂരിലും സമാനമായ സംഭവം ഉണ്ടായി. വീട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് യുവതി കാമുകനെ തേടി വീട്ടിലെത്തി. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് ഈ പ്രണയകഥയിലെ താരങ്ങള്‍. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി. യുവാവ് ഇലക്ട്രീഷ്യനും. ഫെയ്‌സ് ബുക്ക് വഴിയുള്ള പരിചയത്തിലൂടെയാണ് പ്രണയം വളര്‍ന്നതെന്ന് പറയുന്നു.

വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന സംശയത്തില്‍ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെട്ടു. അതിനിടെ യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഇന്‍സ്‌പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു. യാത്രയുടെ ലക്ഷ്യം ആരാഞ്ഞപ്പോള്‍ സത്യം വെളിപ്പെടുത്തി യാത്ര തുടര്‍ന്നു. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടത്തിനു ശുഭപര്യവസാനം. പക്ഷേ, വിവാഹം നടത്താന്‍ യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു.

Similar Articles

Comments

Advertismentspot_img

Most Popular