കൊറോണ ദുരിതത്തിനിടെ സാധാരണക്കാരുടെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊറോണ ബാധിച്ച് ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. റിസര്‍വ് ബാങ്ക് നിരക്കുകള്‍ വന്‍തോതില്‍ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്.

സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്ക് അടിസ്ഥാനമാക്കിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് കാര്യമായിതന്നെ കുറവുവരുത്തി.
ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി ഉള്‍പ്പടെയുള്ളവയുടെ പലിശ ഇതോടെ ആകര്‍ഷകമല്ലാതായി.

പലിശ നിരക്കുകള്‍ ഇങ്ങനെ

പിപിഎഫ്: 15 വര്‍ഷ കാലാവധിയുള്ള, ആദായ നികുതിയിളവുള്ള, ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയില്‍ 80 ബേസിസ് പോയന്റിന്റെ(0.80ശതമാനം)കുറവാണ് വരുത്തിയത്. ഇതോടെ 7.90ശതമാനമുണ്ടായിരുന്ന പലിശ 7.1 ശതമാനത്തിലേയ്ക്ക് താഴ്ന്നു.

സുകന്യ സമൃദ്ധി യോജന: പെണ്‍കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ആഘോഷപൂര്‍വം കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനത്തില്‍നിന്ന് 7.6ശതമാനമായും കുറഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം: മുതിര്‍ന്ന പൗരന്മാരുടെ വരുമാനമാര്‍ഗമായിരുന്ന ഈ നിക്ഷേപ പദ്ധതിയുടെ പലിശ 7.4ശതമാനമായാണ് പുതുക്കിയത്. നേരത്തയുണ്ടായിരുന്ന പലിശ 8.6 ശതമാനമാണ്.

എന്‍എസ് സി: നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 7.9ശതമാനത്തില്‍നിന്ന് 6.8ശതമാനമായാണ് കുറച്ചത്.

പോസ്റ്റ് ഓഫീസ് ആര്‍ഡി(അഞ്ചുവര്‍ഷം): 7.2 ശതമാനം പലിശയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ 5.8ശതമാനമായി.

കെവിപി: കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാന്‍ ഇനി 124 മാസംവേണം. നേരത്തെ 113 മാസം മതിയായിരുന്നു. പലിശ 7.6ശതമാനത്തില്‍നിന്ന് 6.9 ശതമാനമായാണ് കുറച്ചത്.

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: ഒരുവര്‍ഷം മുതല്‍ മുന്നുവര്‍ഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ 6.9 ശതമാനത്തില്‍നിന്ന് 5.5 ശതമാനമായി കുത്തനെ കുറച്ചു. 1.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവര്‍ഷത്തെ ടേം ഡെപ്പോസിറ്റിന് 6.7ശതമാനവുമാണ് പലിശ. നേരത്തെ 7.7 ശതമാനമായിരുന്നു.

സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റിന്റെ വാര്‍ഷിക പലിശ നാലുശതമാനത്തില്‍ നിലനിര്‍ത്തി.

Similar Articles

Comments

Advertismentspot_img

Most Popular