മോറട്ടോറിയം; അക്കൗണ്ടില്‍നിന്ന് ഇഎംഐ പിടിക്കാതിരിക്കാന്‍ ബാങ്കുകളെ അറിയിക്കണം

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകള്‍ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി.

അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയില്‍ അക്കൗണ്ടില്‍നിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവര്‍ക്ക് ആനുകൂല്യം വേണമെങ്കില്‍ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇമെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളില്‍ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആര്‍.ബി.ഐ.യുടെ നിര്‍ദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവര്‍ത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നല്‍കിയിട്ടുണ്ട്.

വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്.

എല്ലാ ഭവന വാഹന കാര്‍ഷിക വായ്പകള്‍ക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാല്‍ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയന്‍ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവര്‍ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവര്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, പണ ലഭ്യതയുള്ളവര്‍ കഴിയുമെങ്കില്‍ പതിവു രീതിയില്‍ വായ്പകള്‍ തിരിച്ചടയ്ക്കണമെന്നും ബാങ്കുകള്‍ അഭ്യര്‍ഥിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular