നിസാമുദ്ദീന്‍; പങ്കെടുത്തവരില്‍ കൊറോണ ബാധിച്ച് മരിച്ചത് 10 പേര്‍, കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ ഇതിനോടകം മരിച്ച സാഹചര്യത്തില്‍ കേരളത്തിലും ശക്തമായ നിരീക്ഷണം. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായാണു വിവരം.

ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.

ഇതോടൊപ്പം, മലേഷ്യയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാര്‍ക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് എത്തിയവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പോലീസ് ശേഖരിച്ച വിശദവിവരങ്ങള്‍ കളക്ടര്‍മാര്‍ മുഖേന ആരോഗ്യവകുപ്പ് അധികൃതര്‍ക്കു കൈമാറി. മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആദ്യ സമ്മേളനത്തിന് ഡല്‍ഹിയില്‍പ്പോയി മടങ്ങിയവര്‍ ഓരൊ ജില്ലക്കാര്‍

കാസര്‍കോട്19
കണ്ണൂര്‍10
കോഴിക്കോട്3
വയനാട്2
മലപ്പുറം8
പാലക്കാട്2
തൃശ്ശൂര്‍2
എറണാകുളം2
ഇടുക്കി4
കോട്ടയം6
ആലപ്പുഴ3
പത്തനംതിട്ട1
കൊല്ലം2
തിരുവനന്തപുരം5

കൊറോണ വൈറസ് വ്യാപനം സംശയശൃംഖലയില്‍ നാലായിരത്തോളം പേര്‍. വിവിധ സംസ്ഥാനക്കാരും വിദേശികളും വ്യാപകമായി കോവിഡ് നിരീക്ഷണത്തിലായതോടെ തബ്‌ലീഗ് ജമാഅത്ത് പ്രാര്‍ഥനാ സമ്മേളത്തിനു വേദിയൊരുക്കിയ തെക്കന്‍ ഡല്‍ഹി നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാംഗ്‌ളെവാലി മസ്ജിദ് ഒഴിപ്പിച്ചു.

തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസിലെ ആറുനില കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളംപേരെ പള്ളിയില്‍ത്തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി.

മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനാണു സാധ്യത.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. ആറുപേര്‍ തെലങ്കാനയിലും മറ്റുള്ളവര്‍ ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. മുംബൈയില്‍ കൊറോണ ബാധിച്ചു മരിച്ച ഫിലിപ്പീന്‍സ് സ്വദേശിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഈ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 24 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Similar Articles

Comments

Advertismentspot_img

Most Popular