ഇപ്പോള്‍ സഞ്ചരിക്കാന്‍ പാടില്ല; തൊഴിലാളികളോട് മുഖ്യമന്ത്രി; എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്; 5000 ക്യാംപുകളിലായി 1.70 ലക്ഷം പേര്‍ കഴിയുന്നു

തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട്ട് നിരോധനം ലംഘിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഒരു കാരണവശാലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാടാണു കേരളം സ്വീകരിച്ചിട്ടുള്ളത്. താമസിപ്പിക്കാനും ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും സൗകര്യം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഏകദേശം 5000 ക്യാംപുകളിലായി 1.70 ലക്ഷം തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ട്. ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യവുമില്ല.

ആര്‍ക്കും ഇപ്പോള്‍ സഞ്ചരിക്കാന്‍ അനുവാദമില്ല. നിന്നിടത്തു തന്നെ നില്‍ക്കുക എന്നാണു പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ സ്വന്തം നാടുകളിലേക്കു പോകണമെന്ന ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാര്‍ക്കാണ്. അവര്‍ നല്‍കുന്ന താമസം തൊഴില്‍ കഴിഞ്ഞുള്ള സമയത്തേക്കു മാത്രമാണന്നു മനസ്സിലാക്കിയതുകൊണ്ടാണു കൂടുതല്‍ സൗകര്യപ്രദമായ ക്യാംപുകളിലേക്കു മാറ്റിയത്. അവര്‍ക്ക് അവരുടേതായ പ്രത്യേക ഭക്ഷണം ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ നടപടി സ്വീകരിച്ചു.

സ്വയം പാകം ചെയ്യാം എന്നു പറഞ്ഞവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ നല്‍കി. വൈദ്യസഹായത്തിനു സംവിധാനവുമുണ്ടാക്കി. എന്തെങ്കിലും കുറവുണ്ടെങ്കില്‍ നികത്തും. തൊഴിലെടുത്തു ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിലേക്ക് നയിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും പിണറായി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ യാത്രാ സൗകര്യം ഒരുക്കിയാല്‍ തൊഴിലാളികളെ അയയ്ക്കാന്‍ ഒരുക്കമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാകില്ലെന്നും പറഞ്ഞു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേട്ടു പരിഹാരം ഉണ്ടാക്കാനായി ഉദ്യോഗസ്ഥരെ ക്യാംപുകളിലേക്ക് അയച്ചതായി മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇന്നു ക്യാംപ് ഉടമകളെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാതെ സംഘം ചേര്‍ന്ന തൊഴിലാളികള്‍ക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കുകയും പൊതുനിരത്തുകളില്‍ ആരും ഇറങ്ങാതെ വീടുകളില്‍ കഴിയുകയും ചെയ്യുന്ന സമയമാണു ചങ്ങനാശേരി പായിപ്പാട് കവലയില്‍ അപ്രതീക്ഷിതമായി ജനക്കൂട്ടം എത്തിയത്.

ഇത്രയും പേര്‍ കവലയില്‍ ഒത്തു ചേര്‍ന്നത്തോടെ സമീപ സ്‌റ്റേഷനുകളില്‍ നിന്നും ക്യാംപുകളില്‍ നിന്നും പൊലീസ് എത്തിയാണ് നിയന്ത്രണം ഏറ്റെടുത്തത്. പിരി!ഞ്ഞു പോകണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെ ലാത്തിച്ചാര്‍ജ് നടത്തി ഇവരെ പിരിച്ചുവിട്ടു. ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ പ്രതിഷേധക്കാരോടു സംസാരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular