ഡെലിവറി ചാര്‍ജ് ഇല്ല; അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്…

ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ വിതരണം ചെയ്യാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. സേവ് ഗ്രീന്‍ എന്ന സന്നദ്ധ സംഘടനയുടെ അഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന അതേ വിലയ്ക്കാണ് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുക. പൊതു വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ ഫെഡും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ കോര്‍പറേഷന്‍ പരിധിയിലാണ് സേവ് ഗ്രീന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിതരണം നടപ്പാക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയില്‍ പലവ്യഞ്ജനങ്ങള്‍ക്ക് പുറമെ പച്ചക്കറികളും ലഭിക്കും. റെസിഡന്‍സ് അസോസിയേഷനുകള്‍ വഴി ആവശ്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന അതേ വിലയ്ക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഡെലിവറി ചാര്‍ജും ഈടാക്കില്ല. വിതരണം നടത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കണ്‍സ്യൂമര്‍ ഫെഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular