രാജ്യത്ത് കൊറോണ രോഗികള്‍ 1000 കവിഞ്ഞു: മരണം 26 ആയി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 26 ആയി. അഹമ്മാദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 45കാരനാണ് മരിച്ചത്.

മധ്യപ്രദേശില്‍ ശനിയാഴ്ച അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ ഇന്‍ഡോറില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഉജ്ജയിനില്‍ നിന്നുള്ള പതിനേഴുകാരിയാണ്. മുന്‍പു രോഗം വന്നവരുമായി അടുത്തിടപഴകിയതിലൂടെയാണ് ഇവര്‍ക്കു രോഗം പടര്‍ന്നതെന്നാണു സൂചന. സംസ്ഥാനത്ത് ഒരു ബിഎസ്എഫ് ഓഫിസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യ 15 ദിവസം മുന്‍പാണ് യുകെയില്‍ നിന്ന് തിരിച്ചെത്തിയത്. ഇവരെ ക്വാറന്റീന്‍ ചെയ്തു. തെലങ്കാനയില്‍ എട്ടു പേര്‍ക്കു പുതുതായി രോഗമുണ്ടായി. ഇതോടെ ആകെ രോഗികള്‍ 67 ആയി.

രാജ്യത്ത് കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍ ആശ്വാസകരമായി. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഇതു സമൂഹവ്യാപനമല്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യുപിയിലും ചെന്നൈയിലു വിദേശയാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തിലില്ലാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതു സമൂഹവ്യാപനമല്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് റിസല്‍റ്റ് വരാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.

കൊറോണ എറ്റവും കൂടുതല്‍ നാശം വിതച്ച 64 രാജ്യങ്ങള്‍ക്കായി 274 മില്യന്‍ ഡോളര്‍ സാമ്പത്തിക സഹായമായി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇതില്‍ ഏതാണ്ട് 2.9 മില്യന്‍ ഡോളര്‍ ഇന്ത്യയ്ക്കു ലഭിക്കും. 20 കോടിയിലധികം രൂപയുടെ സഹായം അത്യാധുനിക ലാബിനായാകും ഇന്ത്യ ഉപയോഗിക്കുക. ഒപ്പം കൊറോണ നേരിടാന്‍ എല്ലാ സാങ്കേതിക സഹായവും യുഎസ് ഇന്ത്യയ്ക്കു വാഗ്ദാനം ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular