ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി; യതീഷ് ചന്ദ്ര കൊടുത്ത ശിക്ഷ വൈറല്‍…

കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ. കണ്ണൂരില്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തുകിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.

എല്ലാദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ടെന്നും എന്നാല്‍ കേസ് എടുത്തിട്ടും ആളുകള്‍ക്ക് വീടിനകത്ത് ഇരിക്കണം എന്നില്ലെന്നും യതീഷ് ചന്ദ്ര മാധ്യമങ്ങളോടു പ്രതികരിച്ചു. കൊറോണയുടെ ഗൗരവം ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാല്‍ ആര്‍ക്കും സീരിയസ്‌നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവര്‍ വീട്ടിലിരിക്കുകയും വേണം. നാട്ടുകാര്‍ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയതത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular