കൊറോണയെ തടയാന്‍ യുഎഇ ചെയ്യുന്നത് ഇതാണ്…

യുഎഇയില്‍ രണ്ടാമത്തെ ദിവസവും അണുനശീകരണം വിജയകരമായി പൂര്‍ത്തിയാക്കി. പൊതുസ്ഥലങ്ങളിലും ദുബായ് മെട്രോയിലും അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും രാത്രി 8 മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണം. ഈ സമയം പൊതുജനം പുറത്തിറങ്ങുകയോ വാഹനങ്ങള്‍ നിരത്തില്‍ പ്രവേശിക്കുകയോ ഉണ്ടായില്ല.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ യുഎഇ ആരോഗ്യ മന്ത്രാലയം ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന് പൊതുജനം പൂര്‍ണ പിന്തുണയും നല്‍കുന്നു. ഇന്ന്(ശനി) രാത്രിയും എട്ടുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ ആറ് വരെ അണുനശീകരണം നടക്കും. ഈ സമയം ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ത്രിദിന അണുനശീകരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

അണുനശീകരണ യജ്ഞം നടക്കുന്നതിനിടെ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഓണ്‍ലൈനില്‍ അനുമതി തേടണം. ഇതിനായി ദുബായില്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പരമോന്നത സമിതി വെബ്‌സൈറ്റ് തുടങ്ങി. ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങണമെങ്കില്‍ ദുബായിലെ താമസക്കാര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. എമിറേറ്റ്‌സ് ഐഡി, കാര്‍ റജിസ്‌ട്രേഷന്‍ നമ്പര്‍, പോകുന്ന സ്ഥലം, സമയം, ആവശ്യം എന്നിവ നല്‍കണം.

നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അനുമതി നല്‍കുന്ന എസ്എംഎസ് സന്ദേശം എത്തും. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണു നിയന്ത്രണം. നാളെ രാവിലെ 6ന് ഇതവസാനിക്കുകയും ചെയ്യും. ഊര്‍ജം, വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാല്‍, ഷിപ്പിങ്, ഫാര്‍മസ്യൂട്ടിക്കല്‍, വെള്ളം, ഭക്ഷണം, സിവില്‍ വ്യോമയാനം, ബാങ്കിങ്ധനകാര്യം, പാചകവാതകം, നിര്‍മാണം എന്നീ മേഖലകളില്‍ േജാലി ചെയ്യുന്നവര്‍ക്കു പുറത്തിറങ്ങാന്‍ വിലക്കില്ല. ഭക്ഷ്യ സ്ഥാപനങ്ങള്‍, കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം.

അതിനിടെ യുഎഇയില്‍ ഇന്നലെ 72 പേര്‍ക്കു കൂടി കോവിഡ് സ്ഥീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 405 ആയി. ഇതില്‍ 52 പേര്‍ സുഖം പ്രാപിച്ചു. 2 പേര്‍ മരിച്ചു. ദുബായ് എമിറേറ്റിലെ എല്ലാ കെട്ടിടങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജന ബോധവല്‍ക്കരണത്തിനു ക്യാംപെയ്ന്‍ നടത്തിവരുന്നതായും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular