കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വിട്ടുനല്‍കാന്‍ തയ്യാറെന്ന പ്രവാസി മലയാളി ഡോക്ടര്‍

കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്കെയര്‍ മെഡിയോര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാരിന് വിട്ടു നല്‍കും.

ഡല്‍ഹി എന്‍സിആറിലെ മനേസറിലെ ആശുപത്രി വിട്ടുനല്‍കാമെന്നറിയിച്ച് ഡോ. ഷംഷീര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ആശുപത്രി സര്‍ക്കാരിന് ഉചിതമായ രീതിയില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു.

 കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാനായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് മെഡിക്കല്‍ വിദഗ്ദര്‍ ഉള്‍പ്പെട്ട പ്രത്യേക കര്‍മസേനയ്ക്കും ആശുപത്രി അധികൃതര്‍ രൂപം നല്‍കി.

വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള മെഡിയോര്‍ ഹോസ്പിറ്റലിന് ഡല്‍ഹിയില്‍ മൂന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാണുള്ളത്. ഇതില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍, പള്‍മണോളജി വിഭാഗങ്ങള്‍, ഐസൊലേഷന്‍ റൂമുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അടിയന്തരസേവനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോര്‍ ഹോസ്പിറ്റല്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 4,00,000ലേറെ പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 20,000ത്തിലേറെ പേരുടെ ജീവന്‍ നഷ്ടമായി. ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയില്‍ 70% സംഭാവന നല്‍കുന്ന സ്വകാര്യ മേഖലയുടെ പിന്തുണ കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് അനിവാര്യമെന്നാണ് വിലയിരുത്തല്‍.

ഡോ ഷംഷീറിന്റെ കത്തിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്  പരിശോധനകള്‍ പൂര്‍ത്തിയാക്കുകയാണെന്ന് മെഡിയോര്‍ ആശുപത്രി സിഒഒ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ കൊറോണ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ  ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പിന്തുടരുന്ന മാര്‍ഗരേഖ പ്രകാരം മെഡിയോര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ വിദഗ്ദ സംഘം ആശുപത്രി സന്ദര്‍ശിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്പര്യം വിപിഎസ് ഹെല്‍ത്ത്കെയറിനുണ്ട്. കേരളത്തില്‍ നിപ വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതില്‍ വിപിഎസ് ഗ്രൂപ്പ് മുന്‍ പന്തിയിലുണ്ടായിരുന്നു. നിപാ ബാധിതരെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടപ്പോള്‍  വിദേശത്ത് നിന്നും പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് മരുന്ന് എത്തിച്ചു നല്‍കിയായിരുന്നു ഇടപെടല്‍.

വിപിഎസ് ഹെല്‍ത്ത്കെയറിന്റെ ആഗോള ശൃംഖലയിലൂടെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് മെഡിയോര്‍ ഹോസ്പിറ്റലിന്റെ നേട്ടം. അതുകൊണ്ട് തന്നെ കൊറോണ വൈറസ് ബാധിതര്‍ക്ക് ആഗോള നിലവാരത്തിലുള്ള മികച്ച പരിപാലനം നല്‍കാന്‍ മെഡിയോര്‍ ഹോസ്പിറ്റലിന് കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വളരെ പ്രാധാന്യമുള്ളതാണ്. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം കോവിഡ്19നെ ചെറുക്കാന്‍ മാത്രമല്ല പകര്‍ച്ച വ്യാധികളെ തടയുന്നതില്‍ ലോക ഭൂപടത്തില്‍ ഇന്ത്യയ്ക്ക് സവിശേഷ സ്ഥാനം നേടിയെടുക്കാനും സഹായമാകും.

Similar Articles

Comments

Advertismentspot_img

Most Popular