കൊറോണ; യുഎസില്‍ മരണം 1300 കവിഞ്ഞു; 85,612 പേര്‍ക്ക് രോഗം; നിലപാട് മാറ്റി ട്രംപ്

വാഷിങ്ടന്‍ : കൊറോണ വൈറസ് മൂലം യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി. വൈറസ് വ്യാപനത്തില്‍ തുടക്കം മുതല്‍ ചൈനയെ പഴിച്ച ഡോണള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് മാറ്റി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍ വെളിപ്പെടുത്തി. ലോകമാകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന അതിഗുരുതരമായ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായും ഈ വൈറസ് സംബന്ധിച്ച് ഏറെ അറിവുനേടിക്കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

യുഎസ് ഉള്‍പ്പെടെ രോഗഗ്രസ്തമായ എല്ലാ രാജ്യങ്ങളുമൊത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ട്രംപുമായുളള ചര്‍ച്ചയില്‍ ഷീ വ്യക്തമാക്കിയതായി ചൈനീസ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ എജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും അതൊന്നും ട്രംപ് ഭരണകൂടം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. കാര്യങ്ങള്‍ കൈവിട്ടതോടെ ട്രംപിന്റെ നിലപാടിലും മാറ്റം വന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വൈറസ് വ്യാപനത്തിലെ നിരീക്ഷണത്തില്‍ തുടക്കത്തില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയ്ക്കു കണക്കു പറയുകയാണ് യുഎസ്. കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് വ്യാപകമായി രോഗപരിശോധന നടത്താന്‍ പോലും അധികൃതര്‍ മുന്‍കൈയെടുത്തത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക രോഗം ആദ്യമായി സ്ഥിരീകരിച്ച ചൈനയെ മറികടന്നതായി ആഗോള കൊറോണ വൈറസ് ബാധ സംബന്ധിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഗ്രാഫ് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്കുകള്‍ പ്രകാരം 85,612 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1300 പിന്നിട്ടു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് വാഹകരുടെ എണ്ണത്തിലും യുഎസാണ് നിലവില്‍ മുന്നില്‍.

Similar Articles

Comments

Advertismentspot_img

Most Popular