ഇതുപോലുള്ളവര്‍ ഉണ്ടെങ്കില്‍ നമുക്ക് കരുത്തേറും..!!! രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ത്രീ സ്റ്റാര്‍ ഹോട്ടല്‍ സൗജന്യമായി നല്‍കി

കോവിഡ് രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ഭരണകര്‍ത്താക്കള്‍ നട്ടം തിരിയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗര്‍ ചൂരി അമീര്‍ മന്‍സിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക് കെട്ടിടമാണു വിട്ടുനല്‍കിയത്. 7 നില കെട്ടിടത്തിലെ മുകളിലത്തെ 3 നിലയിലെ 88 കിടപ്പുമുറികളാണ് ഐസലേഷന്‍ വാര്‍ഡായി പ്രവര്‍ത്തിക്കുക. 1500 രൂപ വരെ പ്രതിദിന വാടക കിട്ടുന്നതാണ് ഈ മുറികള്‍. 2 കട്ടിലും കിടക്കകളുമാണ് ഓരോ മുറിയിലും. ചൂടുവെള്ളം ഉള്‍പ്പെടെ കിട്ടുന്ന പൈപ്പ് ലൈന്‍ സംവിധാനവും 45000 ലീറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും കെട്ടിടത്തിലുണ്ട്.

ആവശ്യമായ മുന്‍കരുതലുകള്‍ തുടങ്ങിയതായി അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. ജലസംഭരണി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു. പരിസര ശുചിത്വം ഉറപ്പു വരുത്തി. നഗരസഭ സെക്രട്ടറി എസ്.ബിജു, ഡപ്യൂട്ടി ഡിഎംഒ ഡോ.ഗീത ഗുരുദാസ് എന്നിവര്‍ കെട്ടിടം പരിശോധിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി.

SHARE