കേരളം പൊളിയാണ്…!!! ഈ വാര്‍ത്ത നോക്കൂ…

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്.

എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ തന്നെ ഫലം നെഗറ്റീവായി. മാർച്ച് 23 ന് ലഭിച്ച സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് 6 പേർ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇപ്പോൾ പരിശോധനാ ഫലം നെഗറ്റീവായ ടൂറിസ്റ്റിന് ആന്റി വൈറൽ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് മുൻകയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടർന്ന് ചികിത്സയുടെ പ്രോട്ടോക്കോൾ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്കരിക്കുകയായിരുന്നു

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ.ഗീത നായർ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.

ഇന്ത്യയിൽ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്നും അവർ വ്യക്തമാക്കി.

ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്.

Similar Articles

Comments

Advertismentspot_img

Most Popular