രാജ്യത്ത് 415പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം; 80 ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

ഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 400 കവിഞ്ഞു. 415പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഏഴ് പേര്‍ മരിച്ചു.ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ 80 ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദേശം നില്‍കിയതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

പലരും അടച്ചിടല്‍ നിര്‍ദേശം ഗൗരവമായി എടുക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ രാവിലെ ട്വീറ്റ് ചെയ്തിരുന്നു. സ്വയം രക്ഷിക്കൂ, കുടുംബത്തേയും രക്ഷിക്കൂ. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കൂ..നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത, ബംഗലൂരു എന്നിവയടക്കം 80 ജില്ലകളിലാണ് പരിപൂര്‍ണമായ അടച്ചിടല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. റെയില്‍വേ, മെട്രോ, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചു. പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു.

Similar Articles

Comments

Advertismentspot_img

Most Popular