കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിന് ശേഷമാണ് ആളുകള്‍ തോക്കുകള്‍ വാങ്ങാനും ആരംഭിച്ചത്. തോക്കുകള്‍ വാങ്ങാതെ മറ്റുള്ളവരില്‍ നിന്ന് സംരക്ഷണം ഉണ്ടാകില്ലെന്നു കരുതുന്നവരാണ് അവ വാങ്ങിക്കൂട്ടുന്നതെന്നാണ് പറയുന്നത്.

വൈറസ് ബാധ തുടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ തോക്കു വില്‍പ്പനയും വര്‍ധിച്ചെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ചിലര്‍ ആദ്യമായി തോക്ക് വാങ്ങുകയും മറ്റു ചിലര്‍ തങ്ങളുടെ ശേഖരത്തിലേക്ക് പുതിയവ വാങ്ങി കൂട്ടുകയും ചെയ്യുകയുമാണ്. കൊറോണ കാരണം മാത്രമല്ല ആളുകള്‍ തോക്ക് വാങ്ങുന്നത്, തെരഞ്ഞെടുപ്പും മുന്നില്‍ കാണുന്നുണ്ട്. അടുത്ത ഭരണാധികാരി വന്നാല്‍ തോക്കു വാങ്ങല്‍ കൂടുതല്‍ വിഷമകരമാക്കുമോ എന്ന പേടി മൂലമാണ് ആളുകള്‍ ഇതു ചെയ്യുന്നത്. തോക്കുവില്‍പ്പന കൂടിയെന്നല്ലാതെ അത് സാധാരണഗതിയില്‍ നിന്ന് എത്ര മടങ്ങ് വര്‍ധിച്ചു എന്നതിനെപ്പറ്റി കൃത്യമായ കണക്ക് അടുത്ത മാസമേ ലഭ്യമാകൂവെന്ന് അധികാരികള്‍ പറഞ്ഞു.

തോക്കും മറ്റും വാങ്ങാനുള്ള ബാക്ഗ്രൗണ്ട് ചെക്ക് ഈ വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ കര്‍ശനമാക്കി. ജനുവരിയിലും ഫെബ്രുവരിയിലുമായി 55 ലക്ഷത്തിലേറെ പേരുടെ ബാക്ഗ്രൗണ്ട് ചെക്ക് നടത്തിയിട്ടുണ്ടെന്ന് എഫ്ബിഐ രേഖകള്‍ പറയുന്നു. അമോഡോട്‌കോം (അാാീ.രീാ) എന്ന വില്‍പ്പനശാലയുടെ കണക്കു പ്രകാരം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെയുള്ള സമയത്ത് അതിനു മുമ്പുള്ള 11 ദിവസത്തെ അപേക്ഷിച്ച് 70 ശതമാനം വെടിക്കോപ്പു വില്‍പ്പനയാണ് നടന്നിരിക്കുന്നത്. സ്വയരക്ഷ, പരിഭ്രാന്തി തുടങ്ങിയ വികാരങ്ങളാണ് ആളുകളെ തോക്ക് വാങ്ങാന്‍ നയിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular