ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശനമില്ല

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും.

ശബരിമല തിരുവുത്സവം കൊടിയേറുന്നതിന്റെ ഭാഗമായി ഈ മാസം 28 നാണ് നട തുറക്കുക. 29 ന് കൊടിയേറ്റ് നടക്കും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഉത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. ഏപ്രില്‍ എട്ടിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം വിലക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ അറിയിപ്പ്.

ചോറൂണ്, വിവാഹം, ഉദയാസ്തമന പൂജ എന്നിവയും നടത്തേണ്ടെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ധാരണയായി. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നിവയുടെ തിയതികള്‍ പിന്നീട് അറിയിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ പതിവ് പൂജകളും ചടങ്ങുകളും മാറ്റമില്ലാതെ നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular