വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 185 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. വൈകാതെ ജെമീമ റോഡ്രിഗസും (0) മടങ്ങി.ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 18 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുതകര്‍ത്ത അലീസ ഹീലിയുടെയും ബെത്ത് മൂണിയും മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.
ഓപ്പണര്‍ അലീസ ഹീലി തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ കത്തിക്കയറി. വെറും 39 പന്തുകള്‍ നേരിട്ട ഹീലി അഞ്ചു സിക്‌സും ഏഴു ഫോറുമടക്കം 75 റണ്‍സെടുത്താണ് പുറത്തായത്. പതിയെ തുടങ്ങിയ മൂണി പിന്നീട് അടിച്ചുതകര്‍ത്തു. 54 പന്തുകള്‍ നേരിട്ട താരം 10 ഫോറുകളടക്കം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹായ്‌നസ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.
ദീപ്തി ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ടു ഫോറുകളോടെ മികച്ച തുടക്കമിട്ട ഹീലിയെ ആദ്യ ഓവറില്‍ ഷെഫാലി വര്‍മയും പിന്നീട് രാജേശ്വരി ഗെയ്ക്വാദും വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നേരത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുന്നത് ഇത് ആറാം തവണയും. നേരത്തേ നാലുതവണ കിരീടം നേടി. നിലവിലെ ജേതാക്കളുമാണ് ഓസീസ്.
ഈ ലോകകപ്പില്‍ കളിച്ച നാലുമത്സരങ്ങളും ജയിച്ച ടീമാണ് ഇന്ത്യ. പ്രാഥമികഘട്ടത്തില്‍, ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ട് തുടങ്ങി. ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തോല്‍പ്പിച്ചു. എന്നാല്‍, സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ എട്ടുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular