കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ മിന്നൽ സമരത്തിനിടെ കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ സുരേന്ദ്രനു പ്രഥമശുശ്രൂഷ നൽകിയെങ്കിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.

റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കിഴക്കേകോട്ടയിൽ തടഞ്ഞ സിറ്റി ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫിസർ (ഡിടിഒ) ഉൾപ്പെടെ 3 ഉദ്യോഗസ്ഥരെ ഫോർട്ട് പൊലീസ് കസ്റ്റഡിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. നഗരത്തിലും തമ്പാനൂർ ബസ് ടെർമിനലിലുമായി കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ നഗരത്തിൽ പലയിടത്തും വഴിയിലും കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ടിരുന്നു. യാത്ര തടസ്സപ്പെട്ടതോടെ ജനങ്ങൾ വലഞ്ഞു.

കസ്റ്റഡിയിലെടുത്ത ഡിടിഒ സാം ലോപ്പസ് ഉള്‍പ്പെടെയുള്ള രണ്ടുപേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ ഉടന്‍ വിട്ടയക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്. രാവിലെ പത്തര മണിയോടെ ആരംഭിച്ച സമരം ഉച്ചയ്ക്ക് മൂന്നോടെയാണ് പരിഹരിച്ചത്. കെഎസ്ആർടിസിയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular