കിവീസിനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യ

ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി. 183 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് കളത്തിലിറങ്ങിയ ഇന്ത്യ 191 റൺസിന് എല്ലാവരും പുറത്തായി. വിജയത്തിലേക്ക് ആവശ്യമായ ഒൻപതു റൺസ് 1.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്ത ന്യൂസീലൻഡ്, ടെസ്റ്റിൽ തങ്ങളുടെ 100–ാം വിജയവും കുറിച്ചു. ഒന്നര ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കിത് ആദ്യ തോൽവിയാണ്. തുടർച്ചയായ ഏഴു വിജയങ്ങളുമായി നിലംതൊടാതെ കുതിച്ച ഇന്ത്യയെ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി സമ്മാനിച്ച് ന്യൂസീലൻഡ് ‘നിലത്തിറക്കി’. ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ കിവീസ് 10 വിക്കറ്റിന് ജയിക്കുന്നത് മൂന്നാം തവണ മാത്രം. ഇതോടെ രണ്ടു മത്സരങ്ങടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി. അവസാന ടെസ്റ്റ് ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.

സ്കോർ: ഇന്ത്യ – 165, 191 & ന്യൂസീലൻഡ് – 348, വിക്കറ്റ് നഷ്ടം കൂടാതെ ഒൻപത്

ന്യൂസീലൻഡിന്റെ പേസ് ദ്വയമായ ടിം സൗത്തിയും ട്രെന്റ് ബോൾട്ടും അക്ഷരാർഥത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ കയറി ‘മേഞ്ഞതോടെ’യാണ് പൊരുതാൻ പോലുമാകാതെ കോലിയും സംഘവും പത്തിമടക്കിയത്. നാലിന് 144 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 47 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമായി. അജിൻക്യ രഹാനെ (29), ഹനുമ വിഹാരി (15), ഋഷഭ് പന്ത് (25), രവിചന്ദ്രൻ അശ്വിൻ (നാല്), ഇഷാന്ത് ശർമ (12), ജസ്പ്രീത് ബുമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. ടെസ്റ്റിൽ ഇന്ത്യ ന്യൂസീലൻഡ് മണ്ണിൽ രണ്ട് ഇന്നിങ്സിലും 200 കടക്കാതെ പുറത്താകുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2002–03 കാലഘട്ടത്തിൽ രണ്ട് ടെസ്റ്റിൽ ഇന്ത്യ ഇപ്രകാരം പുറത്തായിട്ടുണ്ട്.

ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായ ആറു വിക്കറ്റുകളിൽ നാലും സ്വന്തമാക്കിയ ടിം സൗത്തി രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 21 ഓവറിൽ 61 റൺസ് വഴങ്ങിയാണ് സൗത്തി അഞ്ച് വിക്കറ്റ് പിഴുതത്. മത്സരത്തിലാകെ ഒൻപതു വിക്കറ്റ് വീഴ്ത്തിയ സൗത്തിയാണ് കളിയിലെ കേമൻ. രണ്ട് ഇന്നിങ്സിലുമായി 110 റൺസ് വഴങ്ങി ഒൻപതു വിക്കറ്റെടുത്ത സൗത്തി, ടെസ്റ്റിൽ തന്റെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് കാഴ്ചവച്ചത്. 2013ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ 108 റൺസ് വഴങ്ങി 10 വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഇന്നു വീണ ശേഷിച്ച രണ്ടു വിക്കറ്റുകൾ ട്രെന്റ് ബോൾട്ടും കോളിൻ ഡി ഗ്രാൻഡ് ഹോമും ശേഷിച്ച വിക്കറ്റുകൾ പങ്കിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular