കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തി; കോയമ്പത്തൂർ ബസ് അപകടത്തിൽ നിന്ന് വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

20 പേരുടെ ജീവൻ കവർന്നെടുത്ത അവിനാശി കെഎസ്ആർടിസ് ബസ് അപകടത്തിന്റെ ദുരന്ത വാർത്തയാണ് ഇന്ന് നേരം പുലർന്നപ്പോൾ കേൾക്കുന്നത്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആൻ മേരി പറയുന്നത് ഇങ്ങനെ.

തുംകൂർ സിദ്ധാർത്ഥ ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ ആൻ മേരി വർഗീസ് തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവറുടെ തൊട്ടുപിറകിലുള്ള സീറ്റാണ് ആൻ മേരിക്ക് ആദ്യം ലഭിച്ചത്. എന്നാൽ അവിടെയിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കണ്ടക്ടർ ബൈജുവാണ് ആൻ മേരിയെ വലത് ഭാഗത്ത് നിന്നും ഇടത് ഭാഗത്തേക്ക് മാറ്റിയിരുത്തിയത്….23-ാം സീറ്റിലേക്ക്…ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടയർ പൊട്ടിയ ട്രെയിലർ ആൻ മേരി ആദ്യമിരുന്ന സീറ്റടക്കം തകർത്ത് ഇടിച്ചുകയറിയത്…

ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകാനുള്ള തയാറെടുപ്പോടെയാണ് ആൻ എറണാകുളത്തേക്ക് തിരിച്ചത്. സ്ഥിരമായി ഈ ബസിൽ തന്നെയാണ് ആൻ മേരി വീട്ടിലേക്ക് വരാറുള്ളത്. യാത്രക്കാരെല്ലാമായി കൃഷ്ണ ഗിരിയിൽ എത്തിയിരുന്നു ബസ്. യാത്രക്കാർ അവിടെ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നിരുന്നു. ഇതിന് ശേഷമാണ് അപകടം സംഭവിക്കുന്നത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. വലത് വശത്താണ് ലോറി വന്നിടിക്കുന്നത്. കുട്ടിയുടെ വലത് ഭാഗത്തിരുന്ന സ്ത്രീ ഇടിയുടെ ആഘാതത്തിൽ ചില്ലിൽ വന്നിടിച്ച് ആ ചില്ല് പൊട്ടിയ വിടവിലൂടെയാണ് ആൻ രക്ഷപ്പെടുന്നത്. ആൻ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു…!

പിന്നാലെ വന്ന കെഎസ്ആർടിസി ബസാണ് ആനിനെയും മറ്റൊരു യുവാവിനെയും ആശുപത്രിയിൽ എത്തിച്ചത്. ആൻ മേരി നിലവിൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular