ഒമ്പത് വര്‍ഷത്തിനിടെ ആറു കുട്ടികളുടെ മരണം; പുറംലോകം അറിഞ്ഞത് അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെ, ദുരൂഹത മാറ്റാന്‍ പോലീസും നാട്ടുകാരും

തിരൂരില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണു കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

തിരൂര്‍ കോരങ്ങത്ത് പള്ളിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലുമാണ് കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍ മുറിവേറ്റതിന്റേയോ ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങള്‍ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും ലഭിച്ച വിവരമെന്നാണ് സൂചന

മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോര്‍ട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആറ് കുട്ടികളില്‍ മൂന്നാമത്തെ പെണ്‍കുട്ടി നാലരവയസിലും മറ്റു കുരുന്നുകള്‍ ഒരു വയസ് തികയും മുന്‍പെയുമാണു മരിച്ചത്.

കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ നിജസ്ഥിതി പുറത്തു വരണമെന്നാണ് തന്റെയും ആഗ്രഹമെന്നും അതിനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ സഹകരണവും നല്‍കുമെന്നും പിതാവ് പറഞ്ഞു. ഇന്നലെ രാവിലെ കബറടക്കിയ മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം വൈകിട്ട് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് കണ്ണീരണിഞ്ഞ് പിതാവും സാക്ഷിയായി.

ഒന്നിനു പിറകെ ഒന്നായി പിഞ്ചോമനകള്‍ മരിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. മൂന്നാമത്തെ കുട്ടിക്ക് ചെറിയ അസുഖം വന്നതോടെ എറണാകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. പിന്നീട് ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള ലാബുകളില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. കുട്ടികള്‍ ഓരോരുത്തരായി മരണത്തിനു കീഴടങ്ങുകയായിരുന്നു. രാവിലെ ചിരിച്ചുകളിച്ചിരുന്ന കുട്ടിയാണ് തങ്ങളെ ഞെട്ടിച്ച് മരിച്ചുവീണതെന്ന് പിതാവ് പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ എല്ലാ സഹകരണങ്ങളും നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു

തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദില്‍നിന്ന് ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനും സാധ്യമായ അത്രയും വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിനും നാട്ടുകാര്‍ പൊലീസിനൊപ്പം നിന്നു. കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ആശങ്കയകറ്റേണ്ടത് നാട്ടുകാരുടെ കൂടി ആവശ്യമാണെന്നും കുട്ടികളുടെ പിതാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.

ഒരേ കുടുംബത്തിലെ 6 കുട്ടികള്‍ മരിച്ച സംഭവം പുറംലോകം അറിഞ്ഞത് പൊലീസിനു ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെ. തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ വിളികള്‍ പൊലീസിനെത്തേടിയെത്തി. ധൃതിയില്‍ മൃതദേഹം അടക്കാന്‍ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കും ഫോണിലൂടെ വിവരം ലഭിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.

വീട്ടുകാരെയും ബന്ധുക്കളെയും കണ്ടെത്തിയ പൊലീസ്, ബന്ധുവിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. മുന്‍പ് നടന്ന 5 മരണങ്ങളും പൊലീസ് അറിഞ്ഞിരുന്നില്ല.

നേരത്തെ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞെങ്കിലും അത് അസുഖം കണ്ടെത്താനുള്ള പരിശോധനയുടെ രേഖകള്‍ മാത്രമാണെന്നാണ് സൂചന. ജനിതക പ്രശ്‌നവും അപസ്മാരവുമാണ് മരണകാരണമെന്നാണ് ആദ്യം ലഭിച്ച സൂചനകള്‍. എന്നാല്‍, പൂര്‍ണ ആരോഗ്യമുള്ള കുട്ടികള്‍ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു മരിച്ചതില്‍ ഏറെ ആശങ്കയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular