പ്രണയത്തിന്റെ അഞ്ചു വര്‍ഷം; സന്തോഷം പങ്കുവെച്ച് വിഗ്‌നേശ് ശിവന്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താരയോടൊപ്പം പ്രണയദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് വിഗ്‌നേശ് ശിവന്‍. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘എന്റെ മനോഹര കഥയ്ക്ക് ഇന്ന് അഞ്ചു വയസ്സായി. നിന്റെ സ്‌നേഹവും അടുപ്പവും കൂടെയുള്ളപ്പോള്‍ എനിക്കെന്നും വാലന്റൈന്‍സ് ഡേ’, വിഗ്‌നേശ് ചിത്രത്തോടൊപ്പം കുറിക്കുന്നു.

വിഗ്‌നേശും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്നത് ആരാധകര്‍ക്കെല്ലാം അറിയാം. എന്നാല്‍ ഈ ചിത്രം കണ്ട് ഇരുവരുടേയും പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികമായോ എന്ന് അത്ഭുതപ്പെടുകയാണ് ആരാധകര്‍.

നയന്‍താരയെക്കുറിച്ചും ഇവര്‍ തമ്മിലെ അടുപ്പത്തെക്കുറിച്ചും വിഗ്‌നേശ് ഒരു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുള്ളത് ഇങ്ങനെ. ‘നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്‍, അമ്മ, സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും, ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. നയന്‍താരയുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂ.’

നയന്‍താരയുമായുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യത്തിന് വിഗ്‌നേശിന്റെ ഉത്തരം ഇങ്ങനെയാണ്, ‘അറിയില്ല എന്നാണെന്ന്. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും.

SHARE