യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം .

സുരേഷിന്റെ സഹോദരന്‍ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലന്‍സിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണ്.

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരന്‍മാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാം തീയതി പതിനൊന്നു മണിയോടെ ബാങ്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സുരേഷും സുഹൃത്ത് രാജീവും ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

SHARE