താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

കോട്ടയം: ഫെബ്രുവരി 14ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പൊതുവെ സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലകള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിന്റെ പശ്ചാത്തലത്തിലും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ കൂടുന്ന സാഹചര്യമുള്ളതിനാലും ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്.

ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധിക!ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്കു സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കണം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമം എടുക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം.

നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി ഉപയോഗിക്കാം. വളര്‍ത്തു മൃഗങ്ങള്‍ക്കു തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular