പൂർണമായും ഭേദമായി; കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു

ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് പൂനെ എന്‍.ഐ.വി. യില്‍ നിന്നുള്ള സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, നിരീക്ഷണം ആരംഭിച്ച തീയതി മുതല്‍ 28 ദിവസം പൂര്‍ത്തീകരിക്കുന്ന 26-ാം തീയതി വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തിയിരുന്നു. കര്‍ശനമായ നിരീക്ഷണത്തില്‍ രോഗിയെ ആശുപത്രിയില്‍ പരിചരിക്കുകയും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ രോഗിയും കുടുംബാംഗങ്ങളും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ് കൊറോണ വൈറസിനെ അതിജീവിക്കാന്‍ സാധിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായ കഠിന പ്രയത്‌നം നടത്തിയിരുന്നു. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണ്.

നിലവില് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആരുമില്ല. വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 34 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 4 ഗ്രാമസഭകളിലും, 43 സ്ഥലങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടിയും അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ക്കായി 9 സ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി 13 സ്ഥലങ്ങളിലും കരുവാറ്റയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയും ക്ലാസ്സുകള്‍ എടുത്തു. കൂടാതെ കെ.ജി.ഒ.എ ആലപ്പുഴ യൂണിറ്റ്, ഇന്‍ഡസ് മോട്ടോഴ്‌സ് കഞ്ഞിക്കുഴി, റ്റി.കെ.എം.എം. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. 15000 നോട്ടീസുകള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 1800 പേര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ മാനസികരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 27 പേര്‍ക്ക് ടെലി കൗണ്‍സിലിംഗ് നടത്തി.

SHARE