67 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് കനത്ത് തിരിച്ചടി. കോണ്‍ഗ്രസിന്റെ സീറ്റ് നില വീണ്ടും വട്ടപ്പൂജ്യമായി. 70 സീറ്റുകളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് സീറ്റുകളില്‍ ഒഴികെ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാമതോ നാലാമതോ ആണ്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആറിലൊന്ന് വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുന്നത്.

ഗാന്ധി നഗര്‍, ബാദ്ലി, കസ്തൂര്‍ബാ നഗര്‍ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയ അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കില്‍ പരാജയം നേരിട്ടു. 2015ല്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മണ്ഡലത്തില്‍ അല്‍ക്ക ലാംബയ്ക്ക് ഇത്തവണ കെട്ടിവച്ച കാശ് തിരിച്ചുപിടിക്കാനായില്ല. 2015 9.65 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് അഞ്ച് ശതമാനത്തില്‍ താഴെയായി ഒതുങ്ങി.

ഡല്‍ഹിയില്‍ മത്സരിച്ച ജെ.ഡി.യു, എല്‍.ജെ.പി, ബി.എസ്.പി, എന്‍.സി.പി, സി.പി.എം, ആര്‍.ജെ.ഡി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളും കനത്ത പരാജയം നേരിട്ടു. ഈ പാര്‍ട്ടികളില്‍ ബി.എസ്.പി, ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ക്ക് മാത്രമാണ് നോട്ടയേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായത്. വോട്ട് വിഹിതം പൂജ്യമായ പാര്‍ട്ടികളും ഇക്കൂട്ടത്തിലുണ്ട്. എല്‍.ജെ.പിയ്ക്ക് 0.37 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. സി.പി.ഐ, സി.പി.എം, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്ക് യഥാക്രമം 0.02, 0.01, 0 എന്നിങ്ങനെയാണ് വോട്ട് വിഹിതം. ബി.എസ്.പി, ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ വോട്ട് വിഹിതം യഥാക്രമം 0.67, 0.80 എന്നിങ്ങനെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular