ഗ്രൗണ്ടില്‍ തമ്മിലടി താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അണ്ടര്‍19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ ഐ.സി.സി.യുടെ നടപടി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കുമെിരെയാണ് ഐ.സി.സി നടപടി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍, റകീബുല്‍ ഹസന്‍ എന്നിവരുമാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും.

മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മാച്ച് റഫറി ചുമത്തിയ കുറ്റം അഞ്ചു താരങ്ങളും അംഗീകരിച്ചതായി ഐ.സി.സി വ്യക്തമാക്കി. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളില്‍നിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളും റകീബുല്‍ ഹസ്സന് നാല് മത്സരങ്ങളും നഷ്ടപ്പെടും.

ഇന്ത്യന്‍ താരം ആകാശ് സിങ്ങിന് എട്ടു മത്സരങ്ങള്‍ നഷ്ടമാകും. എട്ടു സസ്‌പെന്‍ഷന്‍ പോയിന്റാണ് ആകാശ് സിങ്ങിന് ഐ.സി.സി ചുമത്തിയത്. ബംഗ്ലാദേശ് താരം അവിശേക് ദാസിന്റെ വിക്കറ്റെടുത്തപ്പോള്‍ അതിരുവിട്ട് ആഘോഷിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ അഞ്ചു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്.

അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് കിരീടം നേടിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ലോകകിരീടം സ്വന്തമാക്കുന്നത്. ഈ വിജയിത്തിനുശേഷം ഗ്രൗണ്ടില്‍ നടന്ന ആഘോഷം ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇരുടീമുകളുടേയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. മത്സരശേഷം ബംഗ്ലാദേശ് താരങ്ങളുടെ പെരുമാറ്റത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ ബംഗ്ലാദേശിന് സംഭവിച്ച പിഴവില്‍ ക്യാപ്റ്റന്‍ അക്ബര്‍ അലി ക്ഷമ ചോദിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular