മലയാളി നടിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: സി.ബി.ഐ ഓഫീസറാണെന്ന വ്യാജേന ഹൈദരാബാദ് വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീനാ മരിയാ പോളിനെ സി.ബി.ഐ പ്രതിയാക്കി. ചോദ്യം ചെയ്യാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് ലീനാ മരിയാ പോളിനെതിരെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും കേസില്‍ പ്രതിയാണ്.

ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടർന്നു ലീനയ്ക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങൾ സഹിതം ജാഗ്രതാ നിർദേശം നൽകി. സിബിഐയുടെ ഈ നീക്കത്തിനു മുൻപുതന്നെ ലീന രാജ്യംവിട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.

സമാന സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പു കേസിൽ ലീനയും ഭർത്താവ് സുകേശും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സിബിഐ കേസിൽ പ്രതിയായ സാംബശിവ റാവുവിനെ സംരക്ഷിക്കാമെന്നു വാഗ്ദാനം ചെയ്താണു ലീനയും കൂട്ടാളികളും വൻതുക കൈക്കൂലി ആവശ്യപ്പെട്ടത്. ലീനയുടെ ജീവനക്കാരൻ ആർച്ചിതിന്റെ സഹായത്തോടെയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. സിബിഐ ന്യൂഡൽഹി ആസ്ഥാനത്തെ ലാൻഡ് ഫോൺ നമ്പറും ഇവർ തട്ടിപ്പിനു ദുരുപയോഗിച്ചു.

ഫോൺലൈനിൽ നുഴഞ്ഞു കയറി ഈ നമ്പർ ഉപയോഗിച്ചു സാംബശിവ റാവുവിനെ വിളിച്ചാണ് ഇവർ തട്ടിപ്പിനു വിശ്വാസ്യത വരുത്തിയത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശി മണിവർണ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ് എന്നിവരുടെ സഹായവും പ്രതിൾക്കു ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണു സംഭവം ആസൂത്രണം ചെയ്തതു ലീനയാണെന്നു സിബിഐക്കു ബോധ്യപ്പെട്ടത്. ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു.

അന്നു കൊച്ചിയിലുണ്ടായിരുന്ന ലീന ഒളിവിൽപോയി. അതിനു ശേഷമാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടിസ് നൽകിയത്. തുടർന്നു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലാണ് 2018 ഡിസംബറിൽ കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളി രവി പൂജാരിയുടെ നിർദേശപ്രകാരം വെടിവയ്പു നാടകം നടന്നത്. ലീനയുടെ പക്കൽ വൻതോതിൽ ഹവാലപ്പണം എത്തിയെന്ന സൂചനയെ തുടർന്നാണു ലീനയെ ഭയപ്പെടുത്തി രവി പൂജാരിയും കുറ്റവാളി സംഘവും പണം തട്ടാൻ ശ്രമിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ.

SHARE