അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് കിരീടം. ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാര ലോകകപ്പില്‍ ബംഗ്ല കടുവകള്‍ മുത്തമിട്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അക്ബര്‍ അലിയുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍ പുറത്താകാതെ 77 പന്തില്‍ 43 റണ്‍സ് നേടി. മഴ ഇടയ്ക്ക് രസംകൊല്ലിയായ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ഡിആര്‍എസ് നിയമം അനുസരിച്ച് 170 ആയി പുനര്‍ക്രമീകരിച്ചപ്പോള്‍ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു.

സ്കോര്‍: ഇന്ത്യ 47.2 ഓവറില്‍ 177 റണ്‍സിന് പുറത്ത്
ബംഗ്ലാദേശ് 42.1 ഓവറില്‍ ഏഴ് വിക്കറ്റിന് 170

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 177 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ച് നിന്ന യശ്വസി ജയ്‌സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടികൊടുത്തത്. 121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും പായിച്ച ജയ്‌സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്‌സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി അവിശേക് ദാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോറിഫുള്‍ ഇസ്ലാം, തന്‍സീം ഹസന്‍ സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. റണ്‍സ് സ്വന്തമാക്കാന്‍ ഓപ്പണര്‍മാര്‍ വിഷമിച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡ് പതിയെ മാത്രമാണ് ചലിച്ചത്. ആറാം ഓവറില്‍ സക്‌സേനയെ മഹ്മ്മദുള്‍ ഹസന്റെ കൈയില്‍ എത്തിച്ച് അവിശേക് ദാസ് ആണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കിയത്. എന്നാല്‍, പിന്നീടെത്തിയ തിലക് വര്‍മ ജയ്‌സ്വാളിനൊപ്പം പിടിച്ച് നിന്നതോടെ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മുന്നോട് പോയി. പക്ഷേ 65 പന്തില്‍ 38 റണ്‍സെടുത്ത തിലക് വര്‍മ്മയെ തന്‍സീം മടക്കി. നായകന്‍ പ്രിയം ഗാര്‍ഗും അധികം വൈകാതെ കീഴടങ്ങി. ധ്രുവിനെ കൂട്ടുപിടിച്ച് ജയ്‌സ്വാള്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. സെഞ്ചുറിയിലേക്ക് മുന്നേറിയ ജയ്‌സ്വാളിനെ ഷോറിഫുള്‍ വീഴ്ത്തിയതോടെ 200 കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റണ്‍ഔട്ടിലൂടെ ധ്രുവും പുറത്തായതോടെ അധികം വൈകാതെ ഇന്ത്യന്‍ പോരാട്ടത്തിനും അവസാനമായി.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈനും തന്‍സീദും പിടിച്ച് നിന്നപ്പോള്‍ 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നേടാനായത്. രവി ബിഷണോയ് ആക്രമണത്തിനെത്തിയതോടെ ബംഗ്ലാദേശിന് പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഒരറ്റത്ത് പര്‍വേസ് വിക്കറ്റ് കാത്തുസൂക്ഷിച്ചപ്പോള്‍ അക്ബര്‍ അലി അതിന് മികച്ച പിന്തുണയുമായി ഒപ്പം ചേര്‍ന്നു.

ഏഴാം വിക്കറ്റായി പര്‍വേസ് പുറത്തായെങ്കിലും റക്കിബൂള്‍ ഹുസൈനെയുമായി ചേര്‍ന്ന് അക്ബര്‍ ഇന്ത്യന്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു. 79 പന്തില്‍ 47 റണ്‍സാണ് പര്‍വേസ് നേടിയത്. 77 പന്തില്‍ അക്ബര്‍ അലി 43 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്കായി രവി ബിഷണോയ് 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.

key words: Under-19 World Cup final: Bangladesh stuns India

Similar Articles

Comments

Advertismentspot_img

Most Popular