എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെച്ചൊല്ലി സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. നിയമാനുസൃതം പ്രതിഷേധിച്ച ആര്‍ക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സമരങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധങ്ങളെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുവെന്ന് അരോപിച്ചു. ഇതിനെതിരെ കണ്ണടക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അങ്കമാലി മഹല്ല് കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തത് സംബന്ധിച്ച റോജി എം ജോണിന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പൗരത്വ നിയമഭേദഗതിക്കെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അന്യായമായി ആര്‍ക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചു.

തങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി എസ്ഡിപിഐക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പൊലീസ് വീഴ്ച മറച്ചുവെക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് എത്തിയതോടെ സഭാതലം ഭരണപ്രതിപക്ഷ വാക്പോരില്‍ മുങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular