എല്ലാം വിറ്റു തൊലയ്ക്കും..!!! എയര്‍ ഇന്ത്യ ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ വിവിധ പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യവും പുറത്തുവന്നിരുന്നു. ഇതില്‍ ആദ്യം വില്‍ക്കുക എയര്‍ ഇന്ത്യ ആയിരിക്കും. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാനൊരുങ്ങുകയാണെന്ന് ആണ് പുതിയ റിപ്പോര്‍ട്ട്. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഓഹരി വില്‍പന സംബന്ധിച്ച് എയര്‍ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 17 വരെയാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. കമ്പനിയുടെ 326 കോടി ഡോളര്‍ ( ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കണം.

വിദേശ കമ്പനികളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular