ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും. വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയതാണ് യുവാക്കള്‍ക്ക് വെല്ലുവിളിയാകുന്നത്. യുവാക്കളെ ട്രാഫിക്ക് നിയമം അനുസരിപ്പിക്കാനായി ലുധിയാന പോലീസാണ് പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നത്.
കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദീര്‍ഘകാല വിസയ്ക്ക് ശ്രമിക്കുന്നവര്‍ക്കാണ് ട്രാഫിക് നിയമലംഘനങ്ങള്‍ പാരയാകുന്നത്. മുമ്പ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ലുധിയാന പോലീസ് യുവാക്കള്‍ക്കിടയില്‍ ട്രാഫിക് ബോധവത്കരണം തുടങ്ങിയതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നിരവധി എംബസികളില്‍ നിന്ന് പോലീസിനെ ബന്ധപ്പെട്ടിരുന്നെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ രാഗേഷ് അഗര്‍വാള്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ള െ്രെഡവര്‍മാരുടെ വിവരങ്ങള്‍ പോലീസ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലുധിയാനയില്‍ നിന്ന് നിരവധി ആളുകളാണ് ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിനും ദീര്‍ഘകാല വിസയ്ക്കും അപേക്ഷിച്ച് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യം ട്രാഫിക് ബോധവത്കരണത്തിനുള്ള അവസരമായി കാണുകയാണ്. എംബസി ആവശ്യപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ അവര്‍ക്ക് കൈമാറാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 2018 ജനുവരി ഒന്ന് മുതല്‍ ജൂലായി 31 വരെ 89,580 ചെല്ലാനുകളാണ് ലുധിയാന പോലീസ് പുറപ്പെടുവിച്ചത്. ശരാശരി 400 എണ്ണമാണ് ദിവസേന നല്‍കുന്നത്. അനധികൃത പാര്‍ക്കിങ്ങിന് മാത്രം 2019ലെ ആദ്യ ഏഴ് മാസത്തില്‍ 32,759 പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 23,393 പേര്‍ ഹെല്‍മറ്റ് ഇല്ലാത്തതിനും 8647 സീറ്റ് ബെല്‍റ്റ് ഇടാത വാഹനമോടിച്ചതിനും കുടങ്ങിയിട്ടുണ്ട്.