കൊറോണ വൈറസ്: കേരളത്തില്‍ 10 പേര്‍ നിരീക്ഷണത്തില്‍, യൂറോപ്പിലേക്കും വ്യാപിക്കുന്നു, ചൈനയില്‍ ഇതുവരെ മരിച്ചത് 41 പേര്‍ മരിച്ചു; 237 പേര്‍ ഗുരുതരാവസ്ഥയില്‍, 13 നഗരങ്ങള്‍ അടച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍. പെരുമ്പാവൂര്‍, ചങ്ങാനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പരിശോധനാഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും. ഇന്നലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയവരില്‍ പനി ലക്ഷണങ്ങളുള്ള ആറുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. പനിയില്ലെങ്കിലും ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ മടങ്ങിയെത്തിയ എല്ലാവരും 28 ദിവസം നിരീക്ഷണത്തിലായിരിക്കും.

കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതിനായി വുഹാന്‍ ഉള്‍പ്പെടെ 13 നഗരങ്ങള്‍ അടച്ച് ചൈന. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്. 41 പേരാണ് ഇതുവരെ മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വൈറസ് യൂറോപ്പിലേക്കും പടരുന്നതായാണ് സൂചന.ഫ്രാന്‍സില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.

ചൈനയില്‍ 29 പ്രവിശ്യകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ആരംഭിക്കേണ്ട ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ ഭീതി മൂലം ഒഴിവാക്കി. ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയില്‍ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തില്‍ അടിയന്തരസാഹചര്യമില്ല.

ഹോങ്കോങ്, മക്കാവു, തയ്‌വാന്‍, ജപ്പാന്‍, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, യുഎസ് എന്നിവിടങ്ങളില്‍ രോഗബാധ കണ്ടെത്തി. യുകെയില്‍ മുന്‍കരുതലെന്ന നിലയില്‍ 14 പേര്‍ക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയില്‍ രണ്ടാമതൊരാളില്‍കൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലന്‍ഡില്‍ 5 പേര്‍ക്കാണു രോഗബാധ. വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാനിലാണ് മരിച്ചവരിലേറെയും. ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും അടച്ചു. വുഹാന്‍ വിമാനത്താവളവും അടച്ചു.

Similar Articles

Comments

Advertismentspot_img

Most Popular