ഏവരെയും ഞെട്ടിച്ചുകൊണ്ട് അഗാര്‍ക്കര്‍ എത്തി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്ററാകാന്‍

എല്ലാം വളരെ പെട്ടന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഇന്നായിരുന്നു. അപ്പോഴതാ അപ്രതീക്ഷിതമായി ഒരാള്‍ എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇയാളെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പേര് കേട്ടാല്‍ മതി. നമ്മുടെ അജിത് അഗാര്‍ക്കര്‍..!!! മുന്‍ ഇന്ത്യന്‍ താരവും മുംബൈ സീനിയര്‍ ടീമിന്റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അഗാര്‍ക്കറാണ് അവസാന നിമിഷം അപേക്ഷയുമായി രംഗത്തെത്തിയത്. സിലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അഗാര്‍ക്കറിന്റെ രംഗപ്രവേശം. ആവശ്യത്തിന് മത്സരപരിചയവും മികവുമുള്ള അഗാര്‍ക്കര്‍ പുതിയ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

42കാരനായ അഗാര്‍ക്കര്‍ ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 349 വിക്കറ്റുകളും വീഴ്ത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരവും അഗാര്‍ക്കര്‍ തന്നെ. 288 വിക്കറ്റുകളാണ് അഗാര്‍ക്കറിന്റെ പേരിലുള്ളത്. അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315) എന്നിവര്‍ മാത്രമാണ് അഗാര്‍ക്കറിനു മുന്നിലുള്ളത്. സജീവ ക്രിക്കറ്റിലുണ്ടായിരുന്ന സമയത്ത് ഇന്ത്യന്‍ പേസ് ബോളിങ്ങിന്റെ കുന്തമുനയായിരുന്ന അഗാര്‍ക്കര്‍, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച താരങ്ങളില്‍ രണ്ടാമനാണ് അഗാര്‍ക്കര്‍. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനും. വെറും 23 മത്സരങ്ങളില്‍നിന്ന് 50 വിക്കറ്റ് ക്ലബ്ബിലെത്തിയ അഗാര്‍ക്കറിനു മുന്നിലുള്ളത് 19 ഏകദിനങ്ങളില്‍നിന്ന് 50 കടന്ന ശ്രീലങ്കന്‍ താരം അജാന്ത മെന്‍ഡിസ് മാത്രം.

മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ എല്‍. ശിവരാമകൃഷ്ണന്‍, മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ, ബാറ്റ്‌സ്മാനായിരുന്ന അമയ് ഖുറാസിയ, ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍ എന്നിവരാണ് സിലക്ടറാകാന്‍ അപേക്ഷ സമര്‍പ്പിച്ച മറ്റു പ്രമുഖര്‍. ടീം ഇന്ത്യയുടെ മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, മുന്‍ പേസ് ബോളറും ജൂനിയര്‍ ടീം സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന വെങ്കിടേഷ് പ്രസാദ് എന്നിവരും സിലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അവരുടെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

അഗാര്‍ക്കര്‍ രംഗപ്രവേശം ചെയ്യുന്നതുവരെ സാധ്യതാ പട്ടികയില്‍ മുന്‍പനായിരുന്ന മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ കാര്യം ഇതോടെ പരുങ്ങലിലായി. ദക്ഷിണമേഖലയെ പ്രതിനിധീകരിക്കുന്ന നിലവിലെ സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദിനു പുറമെ മധ്യമേഖലയില്‍നിന്നുള്ള ഗഗന്‍ ഖോഡയുടെയും കാലാവധി അവസാനിച്ചതോടെയാണ് പുതിയ ആളുകള്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ജാട്ടിനു പുറമെ ഉത്തര മേഖലയില്‍നിന്നുള്ള ശരണ്‍ദീപ് സിങ്, പൂര്‍വ മേഖലയെ പ്രതിനിധീകരിക്കുന്ന ദേവാങ് ഗാന്ധി എന്നിവരാണ് സിലക്ഷന്‍ കമ്മിറ്റിയില്‍ തുടരുന്നത്. ഇവര്‍ക്ക് ഒരു സീസണ്‍ കൂടി കാലാവധിയുണ്ട്.

അതേസമയം, അഞ്ചംഗ സിലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് മേഖലകളില്‍നിന്നും അംഗങ്ങളെ ഉറപ്പാക്കുന്ന രീതി ഇനിയും തുടരണമോ എന്ന കാര്യത്തില്‍ ബിസിസിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോഴും ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന പശ്ചിമ മേഖലയില്‍നിന്നുള്ള പ്രതിനിധിയായ ജാട്ടിന്‍ പരാഞ്ജ്‌പെയ്ക്ക് ഒരു സീസണ്‍ കൂടി അവശേഷിക്കുന്നതിനാല്‍ അഗാര്‍ക്കറിന്റെ കാര്യത്തില്‍ ബിസിസിഐ നിലപാട് നിര്‍ണായകമാകും.

Similar Articles

Comments

Advertismentspot_img

Most Popular