ഉപയോക്താക്കള്‍ക്ക് നിരാശ; ഊബര്‍ ഈറ്റ്‌സ് ഇനി ഇന്ത്യയില്‍ ഇല്ല

വളരെ പെട്ടെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സിസ്റ്റം ഇന്ത്യയില്‍ പ്രചാരം നേടിയത്. കേരളത്തിലും ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ വേഗത്തില്‍ സ്വീകാര്യത നേടി. എവിടെയും ഏത് സമയത്തും ഭക്ഷണം എത്തിക്കും എന്നതിലുപരി ഓഫറുകള്‍കൂടി ആയപ്പോള്‍ ജനങ്ങള്‍ ഇവയെ ഏറ്റെടുത്തു. മലയാളികള്‍ക്ക് കൂടുതല്‍ പ്രിയം ഊബര്‍ ഈറ്റ്‌സിനോടായിരുന്നു എന്നുവേണം കരുതാന്‍. എന്തായാലും അവര്‍ക്ക് ഒരു നിരാശയുണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്.

ഊബറിൻ്റെ ഭക്ഷണ വിതരണ ശൃംഖലയായ ഊബർ ഈറ്റ്സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സേവനങ്ങള്‍ ഒക്കെ പഴയപോലെ ലഭ്യമാകുമെങ്കിലും യൂബര്‍ ഈറ്റ്‌സിനോട് ഉണ്ടായിരുന്ന ഒരു അറ്റാച്ച്‌മെന്റ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ മലയാളികള്‍ക്കുള്ളത്.


സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകൾ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തിൽ ഊബർ ഈറ്റ്സിനു പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. മാർക്കറ്റിൽ സ്വിഗ്ഗി തുടരുന്ന അപ്രമാദിത്തം സൊമാറ്റോയ്ക്കും തലവേദനയായിരുന്നു. സ്വിഗ്ഗിയുടെ മാർക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നിൽ.

ഊബർ ഈറ്റ്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇന്ന് പുലർച്ചെ തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ഇ-മെയിൽ വന്നിരുന്നു. ഊബർ ഈറ്റ്സ് ആപ്പിലും ഇത്തരത്തിൽ സന്ദേശം വന്നിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലും ഊബർ ഈറ്റ്സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ ഡിലീറ്റ് ചെയ്യുകയാണെന്നും ഊബർ ഈറ്റ്സ് ട്വിറ്റർ അറിയിച്ചു. അതേ സമയം, ഊബർ ടാക്സി സേവനങ്ങൾ ഇന്ത്യയിൽ തുടരും. ഇന്ത്യക്ക് പുറത്ത് ഊബർ ഈറ്റ്സും സേവനങ്ങൾ തുടരും.

ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന അലിബാബയുടെ അനുബന്ധ സ്ഥാപനമായ ആന്റ് ഫിനാൻഷ്യലിൽ സൊമാറ്റോ 150 മില്യൺ ഡോളർ ധനസഹായം നേടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഊബറിനെ ഏറ്റെടുക്കുന്നത്. ജനുവരി 10 നായിരുന്നു അലിബാബയിൽ നിന്നുള്ള ധനസഹായത്തെ കുറിച്ച് സൊമാറ്റൊ പ്രതികരിച്ചത്. അതേസമയം, ഊബർ ഈറ്റ്സ് ഇന്ത്യയെ മാത്രമാണ് സൊമാറ്റോയ്ക്ക് കൈമാറിയിട്ടുള്ളത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും ശ്രീലങ്കയിലും ഊബർ ഈറ്റ്സ് തുടർന്നും പ്രവർത്തിക്കും. പ്രവർത്തിക്കുന്ന ഓരോ രാജ്യത്തും ബിസിനസിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നാവുക എന്ന തരത്തിലാണ് ഊബർ ഈറ്റ്സ് പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ, ഊബർ ഈറ്റ്സ് വളരെ വേഗത്തിൽ വളർന്നു, ഭക്ഷ്യ വിപണിയിൽ 12 ശതമാനം വിഹിതവും നേടി. ആഗോള മൊത്ത ബുക്കിംഗിന്റെ 3 ശതമാനമായിരുന്നു ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ബിസിനസ് വിഭാഗത്തിന് ആഗോള (Earnings before interest, tax, depreciation and amortization ) ഇബി‌റ്റി‌ടി‌എയുടെ നഷ്ടത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഭക്ഷ്യ വിതരണ വിപണിയിൽ രാജ്യത്തുണ്ടായിരുന്ന കടുത്ത മത്സരമാണ് ഇന്ത്യ ഊബർ ഈറ്റ്സിനെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തുന്നതിൽ നിന്ന് തടഞ്ഞത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾക്ക് പിന്നിലായിരുന്നു ഇന്ത്യയിൽ ഊബർ ഈറ്റ്സിന്റ് സ്ഥാനം.

SHARE