ഗവര്‍ണര്‍- മുഖ്യമന്ത്രി തര്‍ക്കത്തില്‍ പ്രതികരണവുമായി രാജഗോപാല്‍

കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം കുറ്റംപറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുത്. ഇത് ആശ്വാസ്യകരമല്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. ഇതൊക്കെ ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ്- രാജഗോപാല്‍ വിശദീകരിച്ചു.

മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവര്‍ണറെ നിയമിക്കുന്നതെന്നും രാജഗോപാല്‍ ചോദിച്ചു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായി. ജനങ്ങളുടെ മുന്നില്‍ പരസ്പരം പോരടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ശരിയല്ല. അത് ആശാസ്യകരവുമല്ല.

ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സര്‍ക്കാരിന്റെ തലപ്പത്തെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്, എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular