ഉജ്ജ്വല ജയവുമായി ഇന്ത്യ; ഓസിസിനെ തകര്‍ത്തത് മൂന്ന് വിക്കറ്റിന്; പരമ്പരയും സ്വന്തം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല ജയം. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മൂന്നു മത്സര പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി (21).

ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത് സെഞ്ചുറി നേടിയ രോഹിത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 128 പന്തുകള്‍ നേരിട്ട രോഹിത് ആറു സിക്സും എട്ടു ഫോറുമടക്കം 119 റണ്‍സെടുത്ത് പുറത്തായി. 110 പന്തില്‍ മൂന്നക്കം കടന്ന രോഹിത്തിന്റെ ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയാണിത്. ഓസീസിനെതിരേ ഇതേ മൈതാനത്ത് രോഹിത് ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. 91 പന്തുകള്‍ നേരിട്ട കോലി എട്ടു ഫോറുകളടക്കം 89 റണ്‍സെടുത്തു.

രണ്ടാം വിക്കറ്റില്‍ രോഹിത് – വിരാട് കോലി സഖ്യം നേടിയ 137 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. ഏകദിനത്തില്‍ കോലി – രോഹിത് സഖ്യത്തിന്റെ 18-ാം സെഞ്ചുറി കൂട്ടുകെട്ടാണിത്. ഓപ്പണിങ് വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം (19) രോഹിത് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ശ്രേയസ് അയ്യര്‍ 35 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. കോലി – അയ്യര്‍ സഖ്യം നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇതിനിടെ ഇന്ന് രണ്ടു റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ 9,000 റണ്‍സ് പിന്നിട്ടു. 217 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന രോഹിത് ഇക്കാര്യത്തില്‍ വിരാട് കോലി (194), എ.ബി. ഡിവില്ലിയേഴ്‌സ് (208) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതെത്തി. 228 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയെയാണ് രോഹിത് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239) എന്നിവരും പിന്നിലായി.

രോഹിത്തിനു പിന്നാലെ വിരാട് കോലി ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5,000 റണ്‍സും പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പിന്നിടുന്ന ക്യാപ്റ്റനും കോലി തന്നെ. 82 ഇന്നിങ്‌സുകളില്‍നിന്ന് ക്യാപ്റ്റന്‍ കോലി 5,000 റണ്‍സ് പിന്നിട്ടത്. പിന്നിലാക്കിയത് മുന്‍ഗാമി എം.എസ്. ധോണിയെ (127 ഇന്നിങ്‌സ്). റിക്കി പോണ്ടിങ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരെല്ലാം പിന്നിലായി.

നേരത്തെ, എട്ടാം ഏകദിന സെഞ്ചുറിക്കു ശേഷം കൃത്യം മൂന്നു വര്‍ഷത്തെ ഇടവേളയില്‍ ഒന്‍പതാം സെഞ്ചുറി കണ്ടെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ ഓസീസ് 287 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇക്കുറി തിരഞ്ഞെടുത്തത് ബാറ്റിങ്. നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 286 റണ്‍സെടുത്തത്. സ്മിത്ത് 132 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 131 റണ്‍സോടെ ഓസീസിന്റെ ടോപ് സ്‌കോററായി. കന്നി ഏകദിന അര്‍ധസെഞ്ചുറി കുറിച്ച മാര്‍നസ് ലബുഷെയ്ന്‍ 64 പന്തില്‍ അഞ്ചു ഫോറുകളോടെ 54 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന തോന്നിച്ച ഓസീസിനെ അവസാന ഓവറുകളിലെ മുറുക്കമാര്‍ന്ന ബോളിങ്ങിലൂടെയാണ് ഇന്ത്യ തളച്ചത്. വെറും 51 റണ്‍സിനിടെയാണ് ഓസീസിന് അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്.

SHARE