സച്ചിന്‍, ഗാംഗുലി, സെവാഗ്.. കൂടെ ഇപ്പോള്‍ രോഹിത്തും…!!

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നതില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മത്സരിക്കുന്നത് കോഹ്ലിയും രോഹിത്തുമാണ്. ഇരുവരും ഓരോ കളിയിലും എന്തെങ്കിലും റെക്കോര്‍ഡും സ്വന്തമാക്കിയാവും ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറുന്നത്. ഇന്ന് സംഭവിച്ചത് ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി 7000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായി രോഹിത് ശര്‍മ മാറിയിരിക്കുന്നു. രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് 7000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണറായത്. രാജ്‌കോട്ടില്‍ 44 പന്തില്‍നിന്ന് 42 റണ്‍സെടുത്ത് താരം പുറത്തായി. ശിഖര്‍ ധവാനുമൊത്ത് 81 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ആദം സാംപയുടെ പന്തില്‍ എല്‍ബിയായി പുറത്താകുകയായിരുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ മാത്രമാണ് നേരത്തേ 7000 ഏകദിന റണ്‍സുകള്‍ നേടിയിട്ടുള്ളത്. അതേസമയം രാജ്‌കോട്ടില്‍ മറ്റൊരു നേട്ടം രോഹിത് ശര്‍മയ്ക്കു നഷ്ടമാകുകയും ചെയ്തു. ഏകദിനത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ രോഹിതിന് നാല് റണ്‍സ് കൂടി മതിയായിരുന്നു. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 10 റണ്‍സെടുക്കാന്‍ മാത്രമാണു രോഹിത് ശര്‍മയ്ക്കു സാധിച്ചത്.

ഏകദിന ക്രിക്കറ്റില്‍ 223 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് ശര്‍മ 8996 റണ്‍സ് ആകെ നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 264. 28 സെഞ്ചുറികളും 43 അര്‍ധ സെഞ്ചുറികളുമാണ് രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍നിന്നു സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ ആറ് സെഞ്ചുറികളും ട്വന്റി20യില്‍ നാല് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

രാജ്‌കോട്ടില്‍ കോലി സെഞ്ചുറി നേടിയിരുന്നെങ്കില്‍ കോലിക്കും ഒരു റെക്കോര്‍ഡ് സ്വന്തമാക്കാമായിരുന്നു. ക്രിക്കറ്റിലെ ഫോര്‍മാറ്റുകളിലെല്ലാം ചേര്‍ന്ന് കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കോലിയുടെ പേരിലാകാന്‍ ഇനി ഒരു സെഞ്ചുറി മതി. 41 സെഞ്ചുറിയുമായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലിയിപ്പോള്‍. രാജ്‌കോട്ടില്‍ 78 റണ്‍സെടുത്ത് കോലി പുറത്തായതോടെ ഈ നേട്ടം സ്വന്തമാക്കാന്‍ താരം ഇനിയും കാത്തിരിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular