എസ്എസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യ പ്രതികള്‍ പിടിയില്‍

ഉടുപ്പി: കളിയിക്കാവിളയില്‍ എസ്എസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. വില്‍സനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും തമിഴ്‌നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചു കൊന്നത്.

പ്രതികള്‍ ഉപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നു കൊണ്ടുവന്നതാണെന്നു തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു നിര്‍ണായക വിവരം ലഭിച്ചത്. മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാഷയില്‍ നിന്നു ലഭിച്ചു.

കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലാണെന്നാണു സൂചന. സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ ഒളിവിലാണ്. നാല് പേരെ റൂറല്‍ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. തമിഴ്‌നാട് പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണു ഗൂഢാലോചന കേരളത്തില്‍ നടന്നതായി സൂചിപ്പിക്കുന്നത്.

SHARE